അഞ്ചൽ: പുനലൂർ നിയോജകമണ്ഡലത്തിൽ കാർഷികമേഖലയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ കൂടുതൽ വിപുലീകരിക്കുന്നതിന് പി.എസ്. സുപാൽ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ തീരുമാനമായി. തരിശ് കിടക്കുന്ന മുഴുവൻ ഭൂമിയിലും കൃഷി ഇറക്കുന്നതിന് നടപടികൾ ഉണ്ടാകും. കേരള സർക്കാരിന്റെ ഓണത്തിന് ഒരുമുറം പച്ചക്കറി എന്ന പദ്ധതിയിൽ ഉൾപ്പെടുത്തി തരിശുഭൂമികൾ കൃഷിയോഗ്യമാക്കുന്നതിനുള്ള നടപടികൾ തുടങ്ങും. പുനലൂർ മുനിസ്പാലിറ്റിയിലും മണ്ഡലത്തിലെ മറ്റ് എല്ലാ പഞ്ചായത്തുകളിലും കാർഷിക കർമ്മസേനയുടെ പ്രവർത്തനം ഉടൻ ആരംഭിക്കും. കൃഷിനാശവുമായ ബന്ധപ്പെട്ട പരാതികൾക്ക് പരിഹാരം കണ്ടെത്തും. കാർഷിക ഉല്പന്നങ്ങളുടെ സംഭരണം ഉൾപ്പടെ മണ്ഡലത്തിലെ വിവിധ കാർഷിക പ്രോജക്ടുകൾ നടപ്പിലാക്കുവാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. യോഗത്തിൽ കൃഷിവകുപ്പ് ഉദ്യോഗസ്ഥർ വിവിധ പദ്ധതികളുടെ തലവന്മാർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാധാ രാജേന്ദ്രൻ, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാർ പി.എഫ്.പി.സി.കെ. പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.