കരുനാഗപ്പള്ളി : നിർമ്മാണ മേഖല ഏറക്കുറേ നിശ്ചലാവസ്ഥയിലായതോടെ തൊഴിലാളികൾ പ്രതിസന്ധിയിലേക്ക്. നിർമ്മാണ സാമഗ്രികളുടെ വില വലിയതോതിൽ വർദ്ധിക്കുന്നത് മൂലം സാധാരണക്കാർ വീട് നിർമ്മാണത്തിൽ നിന്ന് തത്ക്കാലത്തേയ്ത്ത് പിന്നോട്ട് പോകുന്ന അവസ്ഥയാണ് നിലവിലുള്ളത്. കൊവിഡ് രണ്ടാംഘട്ട വ്യാപനത്തെ തുടർന്ന് പ്രഖ്യാപിച്ച ലോക്ക് ഡൗണിൽ ഇളവുകൾ വന്നതോടെ തൊഴിൽ ശാലകൾക്ക് ചെറിയതോതിൽ ജീവൻ വെച്ചെങ്കിലും നിർമ്മാണ മേഖല ഇപ്പോഴും വലിയ പ്രതിസന്ധിയിലാണ്. ലൈഫ് പാർപ്പിട പദ്ധതിയിൽ ഉൾപ്പെടുത്തി സർക്കാർ 4 ലക്ഷം രൂപയാണ് ഗുണഭോക്താക്കൾക്ക് നൽകുന്നത്. ഇപ്പോഴത്തെ സാഹചര്യത്തിൽ ഈ തുക ഉപയോഗിച്ച് വീട് നിർമ്മാണം പൂർത്തീകരിക്കാൻ കഴിയാത്ത അവസ്ഥയാണ്. നിർമ്മാണത്തിന്റെ പകുതി ഘട്ടത്തിലുള്ള വീടുകൾ പോലും പൂർത്തീകരിക്കാൻ സാധനങ്ങളുടെ വിലവർദ്ധനവ് മൂലം സാധിക്കുന്നില്ല.
സാധനങ്ങൾക്ക് തൊട്ടാൽപൊള്ളുന്ന വില
സിമന്റ് ഉൾപ്പെടെയുള്ള എല്ലാ സാധനങ്ങൾക്കും തൊട്ടാൽ പൊള്ളുന്ന വിലയാണ്. സാധാരണക്കാർക്ക് അടുക്കാനാകാത്ത വിധമാണ് നിർമ്മാണ സമാഗ്രികളുടെ വില ദിനംപ്രതി ഉയരുന്നത്. ഒരു ചാക്ക് സിമന്റിന്റെ വില നിലവിൽ 485 രൂപയാണ്. സ്റ്റീൽ അതോറിറ്റി ഉത്പാദിപ്പിക്കുന്ന കമ്പിക്ക് 82 രൂപയാണ് വില (ഒരു കിലോ). പി.വി.സി പൈപ്പ് ഉൾപ്പെടെയുള്ള സാധനങ്ങൾക്ക് 15 ശതമാനം മുതൽ 35 ശതമാനം വരെയാണ് വില വർദ്ധിച്ചത്. ഇലക്ട്രിക്കൽ സാധനങ്ങളുടെ വിലയിൽ 30 ശതമാനത്തിന്റെ വർദ്ധനവാണുണ്ടായതെന്ന് നിർമ്മാണ മേഖലയുമായി ബന്ധപ്പെട്ടവർ പറയുന്നു. പാറയും എം സാന്റും ഉൾപ്പെടെയുള്ള സാധനങ്ങൾ ലഭിക്കണമെങ്കിൽ കൊള്ള വില നൽകേണ്ട അവസ്ഥയാണ്.
സർക്കാർ ഇടപെടൽ വേണം
നിർമ്മാണ സാമഗ്രികളുടെ വില നിയന്ത്രിക്കുന്നതിൽ സർക്കാർ കാര്യമായ ഇടപെടൽ നടത്തുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. പുതിയ സർക്കാർ അധികാരത്തിൽ വന്നതോടെ സിമന്റ് ഉൾപ്പെടെയുള്ള സാധനങ്ങളുടെ വിലയിൽ നിയന്ത്രണം ഉണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു നിർമ്മാണ മേഖല. സർക്കാർ കാര്യമായി ഇടപെട്ടാൽ നിർമ്മാണ മേഖലയെ സജീവമാക്കാൻ കഴിയുമെന്നാണ് നിർമ്മാണ തൊഴിലാളികൾ പറയുന്നത്.