കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ നിർമ്മാണ പ്രവർത്തനങ്ങൾ ഒച്ചിഴയും വേഗം. രോഗികളടക്കം ബുദ്ധിമുട്ടിൽ. ആരോഗ്യവകുപ്പ് മന്ത്രിയായിരുന്ന കെ.കെ.ശൈലജ പുതിയ കെട്ടിട സമുച്ചയങ്ങളുടെ നിർമ്മാണോദ്ഘാടനം നടത്തിയത് കഴിഞ്ഞ ആഗസ്റ്റ് 25നാണ്. ഒരു വർഷമെത്താറാകുമ്പോഴും മണ്ണ് നീക്കലും കുഴിയെടുപ്പുമായുള്ള ജോലികളിലൊതുങ്ങുകയാണ് നിർമ്മാണ പ്രവർത്തനങ്ങൾ. താലൂക്ക് ആശുപത്രി മിനി മെഡിക്കൽ കോളേജാക്കുന്ന തരത്തിലാണ് കിഫ്ബിയിൽ നിന്നനുവദിച്ച 67.67 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ പ്ളാൻ ചെയ്തത്. 13 ലക്ഷം രൂപയ്ക്ക് കരാർ നൽകി ചില പഴയ കെട്ടിടങ്ങൾ പൊളിച്ച് നീക്കിയിരുന്നു. ഇനിയും പൊളിക്കാനുള്ളവ ശേഷിക്കുകയാണ്. മോർച്ചറിയടക്കം പൊളിച്ച് നീക്കിയതോടെ തട്ടിക്കൂട്ട് സംവിധാനങ്ങളിലാണ് ഇവയുടെ പ്രവർത്തനം. വളരെവേഗം നിർമ്മാണം പൂർത്തിയാക്കുമെന്നാണ് ഉദ്ഘാടന വേളയിൽ മന്ത്രി പ്രഖ്യാപിച്ചത്. എന്നാൽ മെല്ലെപ്പോക്ക് തുടരുമ്പോൾ ആശുപത്രിയിലെ ദുരിതങ്ങളും ഏറുകയാണ്.. കെ.എൻ.ബാലഗോപാൽ മന്ത്രിയായ ശേഷം രണ്ടുതവണ ആശുപത്രിയിൽ നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. എന്നാൽ അതിന്റെ മെച്ചം ഇതുവരെയും ഉണ്ടായിട്ടില്ല. നിർമ്മാണവുമായി ബന്ധപ്പെട്ട് മണ്ണെടുക്കുന്നത് നഗരസഭ ചെയർമാൻ വിഭാവനം ചെയ്ത ചന്തമുക്ക് ഡോക്ടേഴ്സ് ലൈൻ- പുലമൺ റോഡിന് ഉപയോഗിക്കാനാണ് തീരുമാനിച്ചത്. എന്നാൽ ഇതിന്റെ നിർമ്മാണം കോടതി നടപടികളിൽ കുടുങ്ങുക്കിടക്കുകയുമാണ്.
ബഹുനില കെട്ടിടങ്ങൾ
മിനി മെഡിക്കൽ കോളേജ് സംവിധാനത്തിലേക്ക് എത്തുന്നതോടെ 233 കിടക്കകളുള്ള വാർഡ് നിർമ്മിക്കും. അഡ്മിനിസ്ട്രേഷൻ ബ്ളോക്ക്, ഡയഗനോസ്റ്റിക് ബ്ളോക്ക്, വാർഡ് ടവർ എന്നീ ബഹുനില കെട്ടിടങ്ങളാണ് നിർമ്മിക്കുന്നത്. 200 കാറുകൾ പാർക്ക് ചെയ്യാനുള്ള സൗകര്യവുമുണ്ടാകും. എട്ട് ലിഫ്റ്റുകൾ ക്രമീകരിക്കും. സാനിട്ടേഷൻ, ഓർഗാനിക് വേസ്റ്റ് കൺവേർഷൻ, സീവേജ് ട്രീറ്റ്മെന്റ് പ്ളാന്റ്, ഫയർ ഫൈറ്റിംഗ് സിസ്റ്റം എന്നിവ ഇതിന്റെ ഭാഗമായുണ്ടാകും. ഓഫീസ് ബ്ളോക്ക് പ്രവേശന കവാടത്തിന്റെ ഭാഗത്തേക്ക് മാറും. പുതുതായി രണ്ട് പ്രവേശന കവാടങ്ങളും ആംബുലൻസുകൾക്ക് മാത്രമായി പ്രത്യേക പ്രവേശന കവാടവുമൊരുക്കും. കെ.എസ്.ഇ.ബി സിവിൽ വിഭാഗത്തിനാണ് നിർമ്മാണ ചുമതല.
പാർക്കിംഗിന് ഇടമില്ല
രോഗികളും കൂട്ടിരിപ്പുകാരും മറ്റ് ആവശ്യങ്ങൾക്ക് എത്തുന്നവരുമായി ആയിരക്കണക്കിന് ആളുകളാണ് ദിവസവം താലൂക്ക് ആശുപത്രിയിൽ എത്തുന്നത്. ഇവർക്ക് വാഹനങ്ങൾ പാർക്ക് ചെയ്യാൻ ഇപ്പോൾ സ്ഥലമില്ല. വാഹനങ്ങൾ റോഡിൽ നിരത്തി വയ്ക്കുന്നത് ഗതാഗത കുരുക്കിനും ഇടയാക്കുന്നുണ്ട്. കൊവിഡിന്റെ നിയന്ത്രണങ്ങൾ ഉള്ളതിനാൽ വാഹനങ്ങളുടെ കുറവ് നിരത്തിൽ ഉള്ളതിനാൽ വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നില്ല. എന്നാൽ നിയന്ത്രണങ്ങൾ പൂർണമായും മാറുന്നതോടെ ചന്തമുക്ക് കൂടുതൽ കുരിക്കിലാകും.
67.67 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ
200 കാറുകൾ പാർക്ക് ചെയ്യാനുള്ള സൗകര്യം
233 കിടക്കകളുള്ള വാർഡ്