കൊട്ടാരക്കര: അമ്മായിയമ്മയെ ഓട്ടോയിൽ കൊണ്ടുപോയെന്ന വിരോധത്തിൽ ഓട്ടോ ഡ്രൈവറെ മർദ്ദിച്ച യുവാവ് അറസ്റ്റിൽ. പുനലൂർ വാളക്കോട് വാഴമൺ സനാമൻസിലിൽ മുഹമ്മദ് ഖാനെയാണ്(35) കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തത്. മുഹമ്മദ് ഖാനും ഭാര്യയുടെ മാതാവുമായി സ്വരച്ചേർച്ചയിലായിരുന്നില്ല. അവർ ഓട്ടം വിളിച്ചപ്പോൾ കലയപുരം പെരുംകുളം മേലേവിള പുത്തൻവീട്ടിൽ നിസാർ(47) ഓട്ടോയുമായി ചെല്ലുകയുണ്ടായി. ഈ വിരോധത്തിലാണ് കഴിഞ്ഞ ദിവസം നെല്ലിക്കുന്നം ജംഗ്ഷനിൽവച്ച് നിസാറിന്റെ ഓട്ടോ തടഞ്ഞുനിറുത്തി മുഹമ്മദ് ഖാൻ ആക്രമണം നടത്തിയത്. നിസാറിന്റെ കണ്ണിൽ ഇടിച്ച് പരിക്കേൽപ്പിക്കുകയും ഹോളോ ബ്രിക്സുകൊണ്ട് ഓട്ടോയുടെ ഗ്ളാസ് തകർക്കുകയും ചെയ്തു. നരഹത്യാ ശ്രമത്തിനാണ് പൊലീസ് പ്രതിയ്ക്കെതിരെ കേസെടുത്തത്.