navas
സോളാർ പാനലുകൾ സ്ഥാപിക്കുന്ന പ്രദേശം

ശാസ്താംകോട്ട: വലിയ പരിശ്രമങ്ങൾക്കൊടുവിൽ പടിഞ്ഞാറേകല്ലടയിലെ ഫ്ലോട്ടിംഗ് സോളാർ പദ്ധതി യാഥാർത്ഥ്യത്തിലേക്ക്. മണൽ, ചെളി ഖനനത്തെ തുടർന്ന് വെള്ളക്കെട്ടായി മാറിയ പാടശേഖരങ്ങളിൽ ഫ്ലോട്ടിംഗ് സോളാർ പാനലുകൾ സ്ഥാപിച്ച് 50 മെഗാവാട്ട് വൈദ്യുതി ഉത്പാദിക്കുന്നതാണ് പദ്ധതി. നാഷണൽ ഹൈഡ്രോ ഇലക്ട്രിക് പവർ കോർപ്പറേഷനാണ് പദ്ധതി നടത്തിപ്പിന്റെ ചുമതല. പദ്ധതി നടത്തിപ്പിന്റെ ഭാഗമായി ഭൂഉടമകളായ സ്വകാര്യ വ്യക്തികളും പഞ്ചായത്തും ചേർന്ന് വെസ്റ്റ് കല്ലട നോൻ കൺവെൻഷണൽ എനർജി പൊമോട്ടേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി രൂപീകരിച്ചിരുന്നു. ഭൂമി വിട്ടുനൽകുന്നത് സംബന്ധിച്ച ഭൂഉടമകളുടെ സമ്മതപത്രം കെ.എസ്.ഇ.ബി അധികൃതർക്ക് നൽകിയിയിട്ടുണ്ട്. മഹീന്ദ്ര കമ്പനി കഴിഞ്ഞ വർഷം സോളാർ പാനലുകൾ സ്ഥാപിക്കുന്നതിനായി ടെണ്ടർ ഏറ്റെടുത്തെങ്കിലും പിന്നീട് പിന്മാറിയിരുന്നു. ഇതോടെയാണ് കഴിഞ്ഞ ദിവസം വീണ്ടും ടെണ്ടർ നടപടി ആരംഭിച്ചത്.

സോളാർ പദ്ധതി

സ്വകാര്യ വ്യക്തികളുടെയും പഞ്ചായത്തിന്റെയും ഉടമസ്ഥതയിലുള്ള പടിഞ്ഞാറേ കല്ലടയിലെ വെള്ളക്കെട്ടായി മാറിയ 304 ഏക്കർ പാടശേഖരത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ഭൂഉടമകളിൽ നിന്ന് 25 വർഷത്തേക്ക് കെ.എസ്.ഇ.ബി സ്ഥലം പാട്ടത്തിന് ഏറ്റെടുക്കും. സോളാർ പദ്ധതിയിലൂടെ ഉത്പാദിപ്പിക്കുന്ന വൈദ്യുതി കെ.എസ്.ഇ.ബിക്ക് നൽകും. ഈയിനത്തിൽ ലഭിക്കുന്ന വരുമാനത്തിൽ നിശ്ചിത ശതമാനം ഭൂഉടമകൾക്കും ലഭിക്കും.

അനധികൃത ഖനനം വിതച്ച മരണക്കുഴികൾ

പടിഞ്ഞാറേ കല്ലടയിലെ ഏലാകൾ കുറഞ്ഞ വിലയ്ക്ക് മണൽ മാഫിയകൾ സ്വന്തമാക്കുകയും കൂറ്റൻ മോട്ടോറുകളുടെ സഹായത്തോടെ ഖനനം നടത്തുകയും ചെയ്തിരുന്നു. ഇതിന്റെ ഫലമായാണ് പടിഞ്ഞാറേ കല്ലടയിലെ ഏക്കറുകണക്കിന് കൃഷിഭൂമി വലിയ ആഴമുള്ള വെള്ളക്കെട്ടുകളായി മാറിയത്. പായലും ചെടികളും വളർന്നതിനാൽ സാധാരണകുളം പോലെ തോന്നുന്ന ഇവിടത്തെ കയങ്ങളിൽ നിരവധി ജീവനുകളാണ്

പൊലിഞ്ഞിട്ടുള്ളത്. അപകടകരമായ വെള്ളക്കെട്ടുകളിൽ സോളാർ പദ്ധതി നടപ്പാക്കുന്നതോടെ പടിഞ്ഞാറേ കല്ലടയ്ക്ക് ശാപ മോക്ഷം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ


പിന്നിട്ട കടമ്പകൾ നിരവധി

1. വെള്ളക്കെട്ടായി മാറിയ നെൽപ്പാടങ്ങൾ ഡേറ്റാ ബാങ്കിൽ നിലങ്ങളായി രേഖപ്പെടുത്തിയത് പദ്ധതി യാഥാർത്ഥ്യമാവുന്നതിന് തടസമായിരുന്നു. പഞ്ചായത്തിന്റെ ഫലപ്രദമായ ഇടപെടലിലൂടെയാണ് ഡേറ്റാ ബാങ്കിൽ ആവശ്യമായ തിരുത്തലുകൾ വരുത്തിയത്.

2. സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് നിരവധി പ്രതിസന്ധികളുണ്ടായിരുന്നു. അതിരുകൾ പോലുമില്ലാതെ കായലിന് സമാനമായി മാറിയ പ്രദേശങ്ങളുടെ ഉടമസ്ഥരെ കണ്ടെത്തലായിരുന്നു ഏറെ ശ്രമകരമായ ദൗത്യം. പടിഞ്ഞാറേ കല്ലട ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ റെവന്യൂ ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ അദാലത്ത് സംഘടിപ്പിച്ചാണ് ഭൂഉടമകളിൽ നിന്ന് സമ്മതപത്രം വാങ്ങിയത്. മരണപ്പെട്ടു പോയ ഭൂഉടമകളെ കണ്ടെത്തി അവരുടെ അവകാശികളിൽ നിന്നും സമ്മത പത്രം വാങ്ങിയിട്ടുണ്ട്.

ടെണ്ടർ നടപടി പൂർത്തീകരിച്ചാൽ സോളാർ ഫ്ലോട്ടിംഗ് പദ്ധതിയുടെ നിർമ്മാണോദ്ഘാടനം ആഗസ്റ്റ് മാസത്തിൽ തന്നെ ആരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.

ഡോ. സി. ഉണ്ണിക്കൃഷ്ണൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്

ലാൻഡ് വെരിഫിക്കേഷൻ നടപടി വേഗത്തിൽ പൂർത്തിയാക്കി പടിഞ്ഞാറേ കല്ലടയിലെ സോളാർ പദ്ധതി യാഥാർത്ഥ്യമാക്കണം

അഡ്വ. ബി. തൃദീപ് കുമാർ

യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ