കൊല്ലം: ഞാങ്കടവ് പദ്ധതിയുടെ ഭാഗമായി കല്ലടയാറ്റിൽ തടയണ നിർമ്മിക്കാൻ 33 കോടി രൂപയുടെ പുതിയ എസ്റ്റിമേറ്റ് തയ്യാറായി. നിലവിൽ ഞാങ്കടവിൽ തടയണ നിർമ്മിക്കുന്ന ഭാഗത്ത് കല്ലടയാറിന് പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ ആഴം ഉണ്ടായതിനാലാണ് എസ്റ്റിമേറ്റ് പുതുക്കേണ്ടി വന്നത്. തൊട്ടടുത്തുള്ള ജലസംഭരണ കിണറിന് സമീപം കല്ലടയാറ്റിന്റെ ഇരുവശങ്ങളിലും 65 മീറ്റർ വീതം നീളത്തിൽ പാർശ്വഭിത്തി നിർമ്മാണം കൂടി ഉൾപ്പെടുന്നതാണ് പുതിയ എസ്റ്റിമേറ്റ്.
കല്ലടയാറിന്റെ തീരത്ത് ഞാങ്കടവിൽ നിർമ്മാണം പൂർത്തിയായ കിണറിൽ നിന്നാണ് നഗരത്തിലേക്ക് ഉൾപ്പെടെ കുടിവെള്ളം എത്തിക്കേണ്ടത്. കിണറിൽ എപ്പോഴും ജലലഭ്യത ഉറപ്പാക്കാനാണ് തടയണ നിർമ്മിക്കുന്നത്. 78 മീറ്റർ വീതിയുള്ള ആറിന്റെ ഈ ഭാഗത്ത് 90 മീറ്റർ വീതിയിലാണ് തടയണ നിർമ്മിക്കുന്നത്.
തടയണയ്ക്കായി ആറര മീറ്റർ ആഴത്തിൽ 24 പൈലുകൾ നിർമ്മിക്കാനായിരുന്നു എസ്റ്റിമേറ്റ്. എന്നാൽ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചതിന് ശേഷമാണ് ആറിന്റെ മദ്ധ്യഭാഗത്ത് കൂടുതൽ ആഴമുണ്ടെന്ന് ബോദ്ധ്യമായത്. ഇവിടെ ഒൻപത് മീറ്റർ അഴത്തിൽ പൈൽ ചെയ്താലേ തടയണയ്ക്ക് ബലം ലഭിക്കൂ. ഇങ്ങനെ 16 പൈലുകളാണ് കൂടുതൽ ആഴത്തിൽ സ്ഥാപിക്കേണ്ടത്.
7 കോടിയുടെ വർദ്ധനവ്
നേരത്തെ 25.83 കോടിക്കായിരുന്നു തടയണ നിർമ്മാണത്തിന്റെ കരാർ. കൂടുതൽ ആഴത്തിൽ പൈലിംഗ് ആവശ്യമായി വന്നതോടെ കരാറുകാരൻ ഏഴ് കോടി രൂപ അധികമായി ആവശ്യപ്പെട്ടു. ഇതോടെ കരാർ റദ്ദാക്കി. അതിനുശേഷമാണ് പാർശ്വഭിത്തി നിർമ്മാണം കൂടി ഉൾപ്പെടുത്തി എസ്റ്റിമേറ്റ് പുതുക്കിയത്.
പൂർത്തിയാകാൻ ഇനിയും കാക്കണം
തടയണ നിർമ്മാണം പൂർത്തിയാക്കാൻ ഇനി രണ്ടുവർഷമെങ്കിലും കാക്കണം. പുതിയ എസ്റ്റിമേറ്റിന് ഇന്നലെ അമൃത് പദ്ധതി അധികൃതർ പ്രാഥമികമായി അംഗീകരിച്ചു. ഇനി ഭരണാനുമതിയും സാങ്കേതിക അനുമതിയും ലഭിച്ച ശേഷമേ ടെണ്ടർ ചെയ്യാനാകൂ. അദ്യ ടെണ്ടറിൽ തന്നെ കരാറായാലും ഇതിന്റെ നടപടികൾ പൂർത്തിയാകാൻ കുറഞ്ഞത് മൂന്ന് മാസമെങ്കിലും വേണ്ടിവരും. നിർമ്മാണം പൂർത്തിയാകാൻ ഒന്നര വർഷത്തിലേറെ കാത്തിരിക്കേണ്ടി വരും.