പുനലൂർ: കൊല്ലം-തിരുമഗലം ദേശീയ പാതയിൽ മൂന്ന് സ്ഥലങ്ങളിലുണ്ടായ വഹാനാപകടങ്ങളിൽ രണ്ട് പേർക്ക് പരിക്കേറ്റു. ഒരു ലോറി ഡ്രൈവർക്കും മറ്റൊരു ബൈക്ക് യാത്രികനുമാണ് പരിക്കേറ്റത്. ദേശീയ പാതയിലെ ക്ഷേത്രഗിരിക്കും ഉറുകുന്നിനും മദ്ധ്യേയാണ് മൂന്ന് അപകടങ്ങളും നടന്നത്. ഇന്നലെ രാവിലെ തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് പാൽ കയറ്റിയെത്തിയ വാൻ ദേശീയ പാതയിലെ ഉറുകുന്ന് കനാൽ പാലത്തിന് സമീപം റോഡിൽ നിയന്ത്രണം വിട്ട് പാടെ മറിയുകയും കേരളത്തിൽചരക്ക് ഇറക്കിയ ശേഷം തമിഴ്നാട്ടിലേക്ക് പോയ കാലി ലോറി വെള്ളിമലയിലെ തണ്ണി വളവിൽ നിയന്ത്രണം വിട്ട് റോഡിൽ മറിയുകയായിരുന്നു. ഇതിന്റെ ഡ്രൈവർ തമിഴ്നാട് സ്വദേശിക്കാണ് പരിക്കേറ്റത്. വൈകിട്ട് മൂന്ന് മണിയോടെ ഉറുകുന്ന് കോളനി ജംഗ്ഷന് സമീപത്ത് കാറിൽ ഇടിച്ച ബൈക്ക് യാത്രക്കാരനുമാണ് പരിക്കേറ്റത്. അമിത വേഗതയും അശ്രദ്ധയുമാണ് അപകടങ്ങൾക്ക് കാരണമെന്ന് നാട്ടുകാർ പറഞ്ഞു.