ചാത്തന്നൂർ: പ്രായത്തിന്റെ അവശതകളും രോഗങ്ങളും മൂലം ജീവിതം ദുരിതപൂർണമായ വയോധികയ്ക്ക് പത്തനാപുരം ഗാന്ധിഭവന്റെ സ്നേഹത്തണൽ. ചിറക്കര ഗ്രാമപഞ്ചായത്ത് ഇടവട്ടം ചരുവിള വീട്ടിൽ നാണിഅമ്മയെയാണ് (74) ഗാന്ധിഭവൻ അധികൃതർ ഏറ്റെടുത്തത്. നാണിഅമ്മയെ സംരക്ഷിക്കാൻ ബന്ധുക്കൾക്ക് കഴിയില്ലെന്ന് മനസിലായതിനെ തുടർന്ന് ഇടവട്ടം വാർഡ് മെമ്പർ ടി.ആർ. സജിലയാണ് ഗാന്ധിഭവൻ അധികൃതരുമായി ബന്ധപ്പെട്ട് വേണ്ട ഇടപെടലുകൾ നടത്തിയത്.
ചിറക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുശീലാദേവി, ജില്ലാ പഞ്ചായത്തംഗം ശ്രീജാ ഹരീഷ്, സി.ഡി.പി.ഒ രഞ്ജിനി തുടങ്ങിയവരുടെ നേതൃത്വത്തിൽ പത്തനാപുരം ഗാന്ധിഭവനിൽ എത്തിച്ച നാണിഅമ്മയെ സെക്രട്ടറി ഡോ. പുനലൂർ സോമരാജന്റെ സാന്നിദ്ധ്യത്തിൽ ഏറ്റെടുത്തു. ഗാന്ധിഭവൻ ലീഗൽ പാനൽ ചെയർമാൻ എ.സി. വിജയകുമാർ, ജനറൽ സൂപ്രണ്ട് സൂസൻ തോമസ് തുടങ്ങിയവരും പങ്കെടുത്തു.