parippally-nadak
നാ​ട​ക് പാരിപ്പള്ളി മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കലാകാരന്മാർക്ക് നൽകുന്ന ഭ​ക്ഷ്യ​ക്കി​റ്റുകൾ ക​ല്ലു​വാ​തു​ക്കൽ ഗ്രാമപ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ബി​ജു ശി​വ​ദാ​സ് വിതരണം ചെയ്യുന്നു

ചാത്തന്നൂർ: കൊവിഡ് വ്യാപനം മൂലം പ്രതിസന്ധിയിലാക്കിയ കലാപ്രവർത്തകർക്ക് നാടക് പാരിപ്പള്ളി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭക്ഷ്യധാന്യ - പച്ചക്കറി കിറ്റുകളും ധനസഹായവും വിതരണം ചെയ്തു. കല്ലുവാതുക്കൽ അമ്മ ചാരിറ്റബിൾ ട്രസ്റ്ര് അരിയും ഭക്ഷ്യക്കിറ്രുകളും കുളമട ആരതി വെജിറ്റബിൾസ് പച്ചക്കറി കിറ്റുകളും സ്പോൺസർ ചെയ്തു. കിടപ്പുരോഗികളായ കലാകാരന്മാരുടെ വീടുകളിലും സഹായമെത്തിച്ചു.

ഇതോടനുബന്ധിച്ച് നടന്ന യോഗം നാടക-സിനിമാ രചയിതാവ് രാജൻ കിഴക്കനേല ഉദ്ഘാടനം ചെയ്തു. കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ബിജുശിവദാസ് കിറ്റുകൾ വിതരണം ചെയ്തു. നാടക് ജില്ലാ പ്രസിഡന്റ് പി.ജെ. ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. നാടക് ജില്ലാ സെക്രട്ടറി മുരളിദാസ്, അമ്മ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ വി.എസ്. സന്തോഷ് കുമാർ, ബാബു പാക്കനാർ, വി. ജയപ്രസാദ്, രാജുകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. മേഖലാ പ്രസിഡന്റ് അനിൽഗോവിന്ദ്, സെക്രട്ടറി വേണു സി. കിഴക്കനേല, ജോയിന്റ് സെക്രട്ടറി സുജീർദത്ത് എന്നിവർ നേതൃത്വം നൽകി.