കരുനാഗപ്പള്ളി: പോച്ചയിൽ എച്ച്.എസ് മാൾ അങ്കണത്തിൽ സംഘടിപ്പിച്ച കൈത്തറി തുണികളുടെ വിതരണോദ്ഘാടനം സി.ആർ. മഹേഷ് എം.എൽ.എ നിർവഹിച്ചു. കൊവിഡിനെ തുടർന്ന് തൊഴിൽ രഹിതരായ കൈത്തറി തൊഴിലാളികൾ നാസർ പോച്ചയിലിന്റെ നേതൃത്വത്തിൽ ബാലരാമപുരത്തെ കൈത്തറി തെരുവിൽ നിന്ന് സംഭരിച്ച നൂലുപയോഗിച്ച് നെയ്തെടുത്ത തുണികളാണ് വിതരണം ചെയ്തത്. തൊഴിലാളികൾ ഒന്നര വർഷമായി നെയ്തെടുത്ത മുണ്ടുകൾ, ബെഡ്ഷീറ്റുകൾ, ലുങ്കികൾ എന്നിവയാണ് വിപണനത്തിനായി തയ്യാറാക്കിയത്. താലൂക്ക് പൗരസമിതി പ്രസിഡന്റ് മുനമ്പത്ത് ഷിഹാബ് അദ്ധ്യക്ഷത വഹിച്ചു. പോച്ചയിൽ ഗ്രൂപ്പ് ചെയർമാൻ നാസർ പോച്ചയിൽ, ഓണാട്ടുകര കൈത്തറി കോ ഓർഡിനേറ്റർ കെ. സുധാകരൻ, ജബ്ബാർ, കൈത്തറി തൊഴിലാളികളായ ഗോപാലൻ, സുശീല, സലീന, വിജയമ്മ എന്നിവൻ പങ്കെടുത്തു.