കുന്നത്തൂർ: ഭർതൃഗൃഹത്തിൽ യുവതി തൂങ്ങിമരിച്ച കേസിൽ അന്വേഷണച്ചുമതയുള്ള ഐ.ജി ഹർഷിത അട്ടല്ലൂരി ബുധനാഴ്ച സംഭവം നടന്ന പോരുവഴിയിലെ വീട് സന്ദർശിച്ചു. പോരുവഴി അമ്പലത്തുംഭാഗം ചന്ദ്രവിലാസത്തിൽ കിരണിന്റെ ഭാര്യ വിസ്മയയാണ് (24) ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. ഇന്നലെ രാവിലെ നിലമേലുള്ള വിസ്മയയുടെ വീട്ടിലെത്തിയ ശേഷം ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ശാസ്താംനടയിലെത്തിയത്. വീടിന്റെ മുകളിലത്തെ നിലയിലെത്തി സംഭവം നടന്ന കിടപ്പ് മുറിയിൽ ഉൾപ്പെടെ ഐ.ജി പരിശോധന നടത്തി. കൊല്ലം റൂറൽ എസ്.പി കെ.ബി. രവി, ശാസ്താംകോട്ട ഡിവൈ.എസ്.പി പി. രാജ് കുമാർ, ശൂരനാട് സി.ഐ കെ. ശ്യാം, ശാസ്താംകോട്ട സി.ഐ ബൈജു തുടങ്ങിയ പൊലീസ് ഉദ്യോഗസ്ഥരും ഐജിക്കൊപ്പമുണ്ടായിരുന്നു. തുടർന്ന് ഉദ്യോഗസ്ഥർ കൊട്ടാരക്കരയിലേക്ക് പോയി. സംഭവത്തിൽ അറസ്റ്റിലായ വിസ്മയയുടെ ഭർത്താവ് കിരൺകുമാറിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിട്ടുണ്ട്. ഇയാൾക്കെതിരെ സ്ത്രീധന പീഡനം, ഗാർഹിക പീഡനം തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.