investigation

കൊല്ലം: എസ്.ബി.ഐ ഡെപ്യൂട്ടി മാനേജരായ യുവതിയെ ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൊട്ടിയം പൊലീസ് കേസെടുത്തു. ഉമയനല്ലൂർ പേരയം വൃന്ദാവനത്തിൽ വി.എസ്.ഗോപുവിന്റെ ഭാര്യ എസ്.എസ്.ശ്രീജയുടെ (32) മരണത്തിലാണ് അന്വേഷണം.

ഞായറാഴ്ച രാത്രിയാണ് അടുക്കളയോട് ചേർന്ന വർക്ക് ഏരിയായിൽ ശ്രീജയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കൊല്ലം ആനന്ദവല്ലീശ്വരം എസ്.ബി.ഐയിൽ ഡെപ്യൂട്ടി മാനേജരായിരുന്നു. തിരുവനന്തപുരം പൂജപ്പുര തമലം കൃഷ്ണ ഭവനിൽ ആർ. ശ്രീകണ്ഠന്റെയും സരസ്വതിയുടെയും മകളാണ്. അഞ്ചുവർഷം മുമ്പായിരുന്നു വിവാഹം. ഭർത്താവ് ഗോപു വൈകിട്ട് ഏഴോടെ പാൽ വാങ്ങാൻ പുറത്ത് പോയിരുന്നതായാണ് പൊലീസിന് നൽകിയ മൊഴി. മടങ്ങിയെത്തിയപ്പോഴാണ് ശ്രീജയെ മരിച്ച നിലയിൽ കണ്ടത്. ഗോപുവിന്റെ വയോധികനായ പിതാവ് മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്.

അസ്വാഭാവിക മരണത്തിനാണ് കേസ്. നിലവിൽ പരാതികളൊന്നും കൊട്ടിയം പൊലീസിന് ലഭിച്ചിട്ടില്ലെങ്കിലും ശ്രീജയുടെ രക്ഷിതാക്കളുടെ മൊഴി ഉടൻ രേഖപ്പെടുത്തും.