തിരുവനന്തപുരം: കേരളത്തിൽ ഡാമുകൾക്ക് തീവ്രവാദ ഭീഷണിയുണ്ടെന്ന മുന്നറിയിപ്പിനും ജാഗ്രതാ നിർദേശങ്ങൾക്കുമിടയിലും സംസ്ഥാനത്തിന്റെ അതിർത്തി ചെക്ക് പോസ്റ്റുകളിൽ പൊലീസുകാർക്കും എക്‌സൈസ് ഉദ്യോഗസ്ഥർക്കും ഏക ആശ്രയം തങ്ങളുടെ കൈക്കരുത്തും മനക്കരുത്തും മാത്രം. അത്യാധുനിക ആയുധങ്ങളുമായി അക്രമികൾ വിലസുമ്പോൾ കൈയിൽ ഒരു ലാത്തി പോലുമില്ലാതെ സുരക്ഷാജോലി ചെയ്യേണ്ടി വരുന്ന പൊലീസിലെയും എക്സൈസിലെയും ഉദ്യോഗസ്ഥരുടെ ദുര്യോഗം ആര് അറിയാൻ.
ദക്ഷിണേന്ത്യയിൽ വിശേഷിച്ച് തമിഴ്നാട്ടിൽ തീവ്രവാദികൾ നുഴഞ്ഞ് കയറിയതായും സ്‌ഫോടനമുൾപ്പെടെയുള്ള പദ്ധതികൾക്ക് സാദ്ധ്യതയുള്ളതായുമുള്ള മുന്നറിയിപ്പുകൾക്കിടെയാണ് യാതൊരു സുരക്ഷാ കരുതൽ സംവിധാനവുമില്ലാതെ പൊലീസ്- എക്സൈസ് ഉദ്യോഗസ്ഥർ ചെക്ക് പോസ്റ്റുകളിൽ ജോലി നോക്കുന്നത്. ഒന്നര വർഷം മുമ്പ് കേരള - തമിഴ്നാട് അതിർത്തിയിലെ കളിയിക്കാവിള ചെക്ക് പോസ്‌റ്റിൽ തമിഴ്നാട് എസ്.ഐയെ കാറിലെത്തിയ അക്രമിസംഘം വെടിവച്ച് കൊന്നതിന് തൊട്ടുപിന്നാലെ തീവ്രവാദി സാന്നിദ്ധ്യവും ഭീഷണികളും പൊലീസ്, മോട്ടോർ വാഹനവകുപ്പ്, എക്സൈസ് ജീവനക്കാരെ ഭീതിയിലാക്കിയിട്ടുണ്ട്. സംസ്ഥാനത്തിനകത്തും പുറത്തും നിന്നുമുള്ള വാഹനങ്ങൾ പരിശോധിച്ച് കടത്തിവിടാനുള്ള ചെക്ക് പോസ്റ്റുകളിൽ ജീവനക്കാരുടെ സുരക്ഷയ്ക്കും പരിശോധനകൾക്കുമുള്ള സംവിധാനങ്ങളുടെ അപര്യാപ്തതയാണ് ജീവനക്കാരെ ആശങ്കയിലാഴ്‌ത്തിയിരിക്കുന്നത്.
പൊട്ടിപ്പൊളഞ്ഞ കുടുസുമുറി ഓഫീസ്
മോട്ടോർ വാഹന വകുപ്പിന്റെയും എക്സൈസിന്റെയും ചെക്ക് പോസ്റ്റുകളാണ് അതിർത്തി ജില്ലകളിൽ പ്രവർത്തനക്ഷമമായുള്ളത്. വർഷങ്ങൾക്ക് മുമ്പ് നിർമ്മിച്ച കുടുസുമുറികളിലാണ് ഇപ്പോഴും മിക്ക ഓഫീസുകളും പ്രവർത്തിക്കുന്നത്. മതിയായ ലൈറ്റുകളോ പരിശോധനാ സംവിധാനമോ ഒരിടത്തുമില്ല. സംസ്ഥാനത്തേക്ക് ഏറ്റവുമധികം വാഹനങ്ങൾ കടന്നുവരുന്ന ചെക്ക് പോസ്റ്റുകളിലൊന്നാണ് വെടിവയ്‌പുണ്ടായ കളിയിക്കാവിളയ്ക്ക് ഏതാനും കിലോമീറ്റർ അകലെയുള്ള അമരവിള ചെക്ക് പോസ്റ്റ്. ഒരു ഇൻസ്‌പെക്‌ടർ ഉൾപ്പെടെ ആറ് എക്സൈസ് ഉദ്യോഗസ്ഥർ ജോലി നോക്കുന്ന ഇവിടെ രണ്ടോ മൂന്നോ മുളവടികളാണ് ആകെയുള്ള ആയുധം. കണ്ടം ചെയ്യാറായ ബാറ്ററി ടോർച്ചിന് വെട്ടമില്ലാത്തതിനാൽ ഉദ്യോഗസ്ഥർ സ്വന്തം കീശയിൽ നിന്ന് പണം മുടക്കി വാങ്ങിയ ഇലക്ട്രിക് ലൈറ്റുകളെയാണ് വെളിച്ചത്തിന് ആശ്രയിക്കുന്നത്. എൻഫോഴ്സ്‌മെന്റ് പ്രവർത്തനങ്ങൾക്കിടെ പലതവണ എക്സൈസ് ഉദ്യോഗസ്ഥർ അക്രമങ്ങൾക്ക് ഇരയായ സാഹചര്യത്തിൽ എക്സൈസ് ഇൻസ്‌പെക്‌ടർമാർക്ക് റിവോൾവർ അനുവദിച്ചിരുന്നെങ്കിലും ചെക്ക് പോസ്‌റ്റിലുള്ളവർക്ക് അതുമില്ല. ചെക്ക് പോസ്റ്റിൽ എൻഫോഴ്സ്‌മെന്റ് ഡ്യൂട്ടിയില്ലെന്ന കാരണത്താലാണ് റിവോൾവർ നൽകാത്തത്. ഓഫീസിനുള്ളിലും പുറത്തുമായുള്ള കാലപ്പഴക്കമുള്ള മൂന്ന് കാമറകളാണ് ആകെയുള്ള തുണ. ഓഫീസിൽ വന്നുപോകുന്നവരെയും റോഡ് വഴി കടന്നുപോകുന്നവരെയും കാമറാ കണ്ണിൽ കാണാമെങ്കിലും രാത്രിയിലെ വാഹനങ്ങളുടെ ശക്തമായ വെളിച്ചത്തിൽ പല വാഹനങ്ങളുടെയും നമ്പരോ വാഹനങ്ങളിലുള്ളവരെയോ വ്യക്തമാകില്ല. നിറുത്താതെ പോകുന്ന വാഹനങ്ങൾ പിന്തുടരാനും അതിർത്തി പട്രോളിംഗിനുമായി ചെക്ക് പോസ്റ്റിലേക്ക് ഒരു ജീപ്പും ബൈക്കും അനുവദിച്ചിട്ടുണ്ടെങ്കിലും കണ്ടം ചെയ്യാറായ ഇവ മുന്തിയ വാഹനങ്ങളോടൊന്നും മത്സരിക്കാൻ കഴിയുന്ന വിധത്തിലുള്ളതല്ല. തൊട്ടടുത്ത മോട്ടാർ വാഹന ചെക്ക് പോസ്റ്റിലും പരിമിതമായ ജീവനക്കാരാണ് ഉള്ളത്. കാമറ മാത്രമാണ് ഇവിടെ ആകെയുള്ള സുരക്ഷാ ഉപകരണം. തമിഴ്നാട്ടിലേതുപോലെ അതിർത്തികളിൽ പൊലീസ് ചെക്ക് പോസ്‌റ്റ് കേരളത്തിലില്ല. എന്തെങ്കിലും പ്രത്യേക സാഹചര്യത്തിലോ അതിർത്തി അടച്ചുള്ള പരിശോധനാ സമയത്തോ മാത്രമാണ് ചെക്ക് പോസ്‌റ്റുകളിൽ പൊലീസെത്താറുള്ളത്. കൊല്ലം ജില്ലയിലെ ആര്യങ്കാവ്, പാലക്കാട് വാളയാർ, കാസർകോട് മഞ്ചേശ്വരം തുടങ്ങിയ ചെക്ക് പോസ്റ്റുകളിലെയും സ്ഥിതി വ്യത്യസ്തമല്ല. കളിയിക്കാവിളയിലേതുപോലെ അപ്രതീക്ഷിത സാഹചര്യങ്ങൾ നേരിടാൻ യാതൊരു സംവിധാനവും സംസ്ഥാനത്തെ അതിർത്തി ചെക്ക് പോസ്റ്റുകളിലില്ല. സംസ്ഥാനത്തെ അമ്പതോളം ചെറിയ ചെക്ക് പോസ്റ്റുകളുടെ സ്ഥിതി ഇതിലും ഗുരുതരമാണ്. ഒന്നോ രണ്ടോ എക്സൈസ് ജീവനക്കാർ മാത്രമാണ് ഇവിടങ്ങളിൽ ഡ്യൂട്ടിയിലുള്ളത്. ലഹരി വസ്തുക്കളുൾപ്പെടെ നിരോധിതവസ്തുക്കളുടെ കടത്തും മറ്റ് നിയമവിരുദ്ധ പ്രവർത്തികളും ചെക്ക് പോസ്റ്റുകളിൽ രാത്രികാലങ്ങളിലാണ് നടക്കുന്നത്. കളിയിക്കാവിള സംഭവത്തിന്റെ അടിസ്ഥാനത്തിൽ രാത്രി സമയത്തെങ്കിലും ചെക്ക് പോസ്റ്റുകളിൽ പൊലീസിന്റെ കൂടി സാന്നിദ്ധ്യം ഉറപ്പാക്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം.