c

തഴവ: സഹകരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന വിദ്യാതരംഗിണി മൊബൈൽ വായ്പാ പദ്ധതിയിൽ അവ്യക്തത നിലനിൽക്കുന്നതിനാൽ അപേക്ഷകരായ നിരവധി വിദ്യാർത്ഥികൾ ആശങ്കയിൽ. ഓൺലൈൻ പഠനത്തിന് മൊബൈൽ ഫോണില്ലാത്ത സ്കൂൾ വിദ്യാർത്ഥികൾക്കായാണ് സഹകരണ വകുപ്പ് വിദ്യാതരംഗിണി വായ്പാ പദ്ധതി പ്രഖ്യാപിച്ചത്. പദ്ധതിയനുസരിച്ച് അതത് സഹകരണ ബാങ്ക് പരിധിയിലുള്ള അർഹരായ വിദ്യാർത്ഥികൾക്ക് പരമാവധി 10, 000 രൂപ വരെയാണ് പലിശ രഹിത വായ്പ ലഭിക്കുന്നത്. 24 തവണയിൽ തിരിച്ചടവ് പൂർത്തിയാക്കുന്നവർക്ക് 100 ശതമാനം പലിശയിളവും കാലാവധി കഴിഞ്ഞാൽ ബാക്കി തുകയ്ക്ക് പരമാവധി എട്ട് ശതമാനം പലിശയുമാണ് പദ്ധതിയിൽ ശുപാർശ ചെയ്തിരിക്കുന്നത്. അപേക്ഷ നൽകുന്ന വിദ്യാർത്ഥിയുടെ സ്കൂൾ അധികാരി സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് മാത്രമാണ് സഹകരണ സംഘം റജിസ്റ്റാർ പുറപ്പെടുവിച്ച സർക്കുലറിൽ ഈടായി ആവശ്യപ്പെട്ടിട്ടുള്ളത്. എന്നാൽ

സ്കൂൾ അധികാരിയുടെ സാക്ഷ്യപത്രം മാത്രം ഈടായി സ്വീകരിച്ച് ഒരാൾക്ക് പതിനായിരം രൂപ വായ്പ നൽകാൻ കഴിയില്ലെന്നാണ് മിക്ക ബാങ്ക് ഭരണസമിതികളുടെയും നിലപാട്.

വ്യക്തമായ തീരുമാനം കൈക്കൊള്ളാനാവാതെ

സഹകരണ സംഘങ്ങൾ

പദ്ധതിയുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾക്ക് വായ്പ ലഭ്യമാക്കുന്നതിൽ ഭൂരിഭാഗം സഹകരണ സംഘങ്ങളും ഇനിയും വ്യക്തമായ തീരുമാനം കൈക്കൊണ്ടിട്ടില്ല. വായ്പയ്ക്കായി അപേക്ഷിക്കുന്ന വിദ്യാർത്ഥിയുടെ സ്കൂൾ അധികാരി സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് മാത്രമാണ് സഹകരണ സംഘം റജിസ്റ്റാർ പുറപ്പെടുവിച്ച സർക്കുലറിൽ ഈടായി ആവശ്യപ്പെട്ടിട്ടുള്ളത്. എന്നാൽ നിലവിലെ ജാമ്യവ്യവസ്ഥ അനുസരിച്ച് മാത്രമേ വായ്പ നൽകാൻ കഴിയുകയുള്ളൂവെന്ന ബാങ്ക് അധികൃതരുടെ നിലപാട് സ്ഥിരാംഗങ്ങളല്ലാത്തവരുടെ കുട്ടികളെ അയോഗ്യരാക്കുന്ന അവസ്ഥ സൃഷ്ടിക്കും. സ്ഥിരാംഗം അല്ലാത്തവരുടെ കുട്ടികൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കാത്ത അവസ്ഥയാണുള്ളത്. ഒരു സ്ഥിരാംഗത്തിന്റെ കുട്ടിക്കുവേണ്ടി രണ്ട് സ്ഥിരാംഗങ്ങളാണ് ജാമ്യം നിൽക്കേണ്ടത്.

എത്തിയത് നിരവധി വിദ്യാർത്ഥികൾ

പദ്ധതിയുടെ ഫലം ലഭിക്കാനായി നിരവധി കുട്ടികളാണ് ഇന്നലെ വിവിധ സഹകരണ സംഘങ്ങളിലെത്തിയത്. എന്നാൽ വായ്പ ലഭ്യമാക്കുന്നത് സംബന്ധിച്ച് ജീവനക്കാർക്ക് പോലും വ്യക്തതയില്ലാത്തതിനാൽ പലരും നിരാശയോടെ മടങ്ങേണ്ട അവസ്ഥയുണ്ടായി. ഒരു സഹകരണസ്ഥാപനത്തിന് പരമാവധി അഞ്ചുലക്ഷം രൂപ വരെ വായ്‌പയ്ക്കായി നീക്കിവയ്ക്കാമെന്നാണ് പറയുന്നത്. വായ്പ ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങളിൽ കൃത്യത വരുത്തണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം.

മൊബൈൽ വാങ്ങാൻ വായ്പയായി ലഭിക്കുന്നത് - 10, 000 രൂപവരെ

24 തവണയിൽ തിരിച്ചടവ് പൂർത്തിയാക്കുന്നവർക്ക് 100 ശതമാനം പലിശയിളവ്