pady
ചിറക്കര വില്ലേജിലെ ആയിരവില്ലി ഏലാ മണ്ണിട്ട് നികത്തിയ നിലയിൽ

ചാത്തന്നൂർ: സ്വകാര്യ വ്യക്തിയുടെ നേതൃത്വത്തിൽ നികത്തിയ നെൽവയൽ റവന്യൂ അധികൃതരുടെ ഊർജ്ജിത ഇടപെടലിലൂടെ പൂർവസ്ഥിതിയിലാക്കി. ചിറക്കര വില്ലേജിലെ തട്ടാരുകോണം ആയിരവില്ലി ഏലയിലാണ് ഭൂവുടമ അനധികൃതമായി കരമണ്ണ് നിക്ഷേപിച്ച്‌ നികത്തിയെടുക്കാൻ ശ്രമിച്ചത്. വിവരമറിഞ്ഞ ഭൂരേഖാ തഹസീൽദാർ വിനുരാജ് ഭൂവുടമയ്ക്ക് നോട്ടീസ് നൽകാൻ ചിറക്കര വില്ലേജ് ഓഫീസറോട് നിർദ്ദേശിച്ചു. ഇതുപ്രകാരം സ്വന്തം ചെലവിൽ ഭൂമി പൂർവസ്ഥിതിയിലാക്കണമെന്ന് വില്ലേജ് ഓഫീസർ നോട്ടീസ് നൽകിയതിന്റെ അടിസ്ഥാനത്തൽ ഭൂവുടമ മണ്ണ് കോരിമാറ്റുകയായിരുന്നു.

ചിറക്കര വില്ലേജ് ഓഫീസർ ജ്യോതിഷ് , ഫീൽഡ് അസിസ്റ്റന്റ് വിഷ്ണു, ശ്രീലാൽ എന്നിവരുടെ നേതൃത്വത്തിലുള്ള ഇടപെടലുകളാണ് നിലം പൂർവസ്ഥിതിയിലാക്കാൻ അതിവേഗം സാധിച്ചത്. നീക്കം ചെയ്ത മണ്ണ് വില്ലേജാഫീസിന് സമീപത്തെ റവന്യൂ പുറമ്പോക്കിലേക്ക് മാറ്റി. നിലം നികത്തലിനെതിരെ വരും ദിവസങ്ങളിലും അന്വേഷണം നടത്തി ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് റവന്യൂ അധികൃതർ പറഞ്ഞു.