photo
കൊട്ടാരക്കര- ശാസ്താംകോട്ട റോഡിൽ കോട്ടാത്തല പത്തടി ഭാഗത്ത് വളർന്നുനിൽക്കുന്ന കുറ്റിക്കാട്

കൊല്ലം: ശാസ്താംകോട്ട- കൊട്ടാരക്കര കോടതി സമുച്ചയം റോഡിന്റെ നിർമ്മാണം പാതിവഴിയിൽ ഉപേക്ഷിച്ചു. ആദ്യഘട്ട ടാറിംഗ് നടത്തിയിടത്ത് കുഴികൾ രൂപപ്പെട്ട‌ുതുടങ്ങി. ഏറെ വിവാദങ്ങളുണ്ടാക്കിയ റോഡ് ഇപ്പോഴും സർക്കാരിന് നാണക്കേടുണ്ടാക്കുകയാണ്. കിഫ്ബിയിൽ ഉൾപ്പെടുത്തിയാണ് ശാസ്താംകോട്ട - കൊട്ടാരക്കര- നീലേശ്വരം -കോടതി സമുച്ചയം റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. 20.80 കോടി രൂപയാണ് ഇതിനായി അനുവദിച്ചത്. അവണൂർ മുതൽ പുത്തൂരിന് സമീപം വരെ കയ്യേറ്റങ്ങൾ ഒഴിപ്പിച്ച് റോഡിന് വീതി കൂട്ടിയിരുന്നു. തകർച്ചയിലായിരുന്ന കലുങ്കുകൾ പൊളിച്ച് പുനർനിർമ്മിക്കുയും ചിലയിടങ്ങളിൽ ഓട നിർമ്മിക്കുകയും ചെയ്തു. റോഡിന്റെ സംരക്ഷണ ഭിത്തികളും കെട്ടി ബലപ്പെടുത്തി. കോട്ടാത്തല പണയിൽ ഭാഗത്തും പത്തടിയിലും വേണ്ടുംവിധം സംരക്ഷണ ഭിത്തി നിർമ്മിക്കാഞ്ഞതും പ്രതിഷേധത്തിന് ഇടയാക്കി. വലിയ കുണ്ടും കുഴിയുമായി തീർത്തും നശിച്ചുകിടന്ന റോഡിന് തുക അനുവദിച്ചപ്പോൾ യാത്രക്കാർ വലിയ പ്രതീക്ഷയോടെ കാത്തിരുന്നതാണ്. നിർമ്മാണ പ്രവർത്തനങ്ങൾ ഇഴച്ചുകൊണ്ടുപോവുകയും ചില്ലറ ക്രമക്കേടുകൾ നടത്തുകയും ചെയ്തതിന് എക്സി.എൻജിനീയറടക്കം നാല് പ്രധാന ഉദ്യോഗസ്ഥരെ അന്ന് വകുപ്പ് മന്ത്രി ജി.സുധാകരൻ സസ്പെൻഡ് ചെയ്തിരുന്നതുമാണ്. നടപടികൾക്ക് ശേഷം നിർമ്മാണം വേഗത്തിലാകുമെന്നാണ് കരുതിയത്. എന്നാൽ പാതിവഴിയിൽ ഉപേക്ഷിച്ച മട്ടാണ്.

റോഡ് തകർന്നു, കാട് വളർന്നു

അന്താരാഷ്ട്ര നിലവാരത്തോടെ റോഡ് നിർമ്മിക്കാനാണ് പദ്ധതിയിട്ടത്. എന്നാൽ ആദ്യഘട്ട ടാറിംഗ് നടത്തിയ ഭാഗങ്ങൾ പൊളിഞ്ഞുതുടങ്ങി. കൊട്ടാരക്കര മുസ്ളീം സ്ട്രീറ്റ് പാലത്തിന് സമീപത്തായി മൂന്നിടങ്ങളിൽ വലിയ കുഴികൾ രൂപപ്പെട്ടു. റോഡിന്റെ വശങ്ങളിലെല്ലാം കുറ്റിക്കാട് വളർന്നു. കാൽനട യാത്രികരാണ് ഏറെയും ബുദ്ധിമുട്ടുന്നത്. ഇഴജന്തുക്കളുടെ ശല്യവുമുണ്ട്. റോഡിന്റെ വശങ്ങളിലെ വൈദ്യുത പോസ്റ്റുകൾ മാറ്റാൻ കഴിയാത്തത് നിർമ്മാണ പ്രവർത്തനങ്ങൾക്ക് തടസമായെന്നാണ് കരാറുകാരന്റെ പക്ഷം. 89 ലക്ഷം രൂപ കിഫ്ബിയിൽ നിന്ന് ലഭിക്കാനുണ്ട്.

നിർമ്മാണം പുനരാരംഭിക്കാൻ ഇടപെടും

ശാസ്താംകോട്ട- കൊട്ടാരക്കര കോടതി സമുച്ചയം റോഡിന്റെ നിർമ്മാണം പുനരാരംഭിക്കാൻ വേണ്ട ഇടപെടലുകൾ നടത്തും. കിഫ്ബിയിൽ നിന്ന് തുക ഉടനെ നൽകാനുള്ള ഇടപെടലുണ്ടാകും. മറ്റ് തടസങ്ങളെല്ലാം മാറ്റി നിർമ്മാണം പുനരാരംഭിക്കും. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ഇക്കാര്യത്തിൽ ചർച്ച നടത്തി.

കിഫ്ബിയിൽ നിന്ന് അനുവദിച്ചത് 20.80 കോടി രൂപ

ലഭിക്കാനുള്ളത് 89 ലക്ഷം രൂപ