ചാത്തന്നൂർ: സംസ്ഥാന സർക്കാർ തനതായ സാംസ്കാരിക നയം രൂപീകരിച്ച് കലാകാരന്മാരുടെ ഇന്നത്തെ ദുരിതത്തിന് ശാശ്വതപരിഹാരം കാണമെന്ന് നാടക - ചലച്ചിത്ര സംവിധായകൻ പ്രമോദ് പയ്യന്നൂർ ആവശ്യപ്പെട്ടു. പാരിപ്പള്ളി സംസ്കാര സംഘടിപ്പിച്ച സംസ്കാര സ്നേഹസ്പർശം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്കാര ഭവനിൽ ചേർന്ന ചടങ്ങിൽ പത്ത് കലാകാരന്മാർക്ക് 5,000 രൂപ വീതം ധനസഹായം നൽകി. അന്തരിച്ച നടൻ പ്രമോദ് ചാലയുടെ കുടുംബസഹായ ഫണ്ട്, നടൻ കബീർദാസിന്റെ ചികിത്സാ സഹായഫണ്ട് എന്നിവയിലേയ്ക്കും 5,000 രൂപ വീതം നൽകി. സംസ്കാര പ്രസിഡന്റ് ശിവശങ്കരനുണ്ണിത്താൻ അദ്ധ്യക്ഷത വഹിച്ചു. കല്ലുവാതുക്കൽ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എൽ. ശാന്തിനി, സംസ്കാര സെക്രട്ടറി എസ്. പ്രസേനൻ, ട്രഷറർ ഡി. രഞ്ജൻ തുടങ്ങിയവർ പങ്കെടുത്തു.