കൊല്ലം: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കി സിറ്റി പൊലീസ്. കഴിഞ്ഞ ദിവസങ്ങളിൽ കൊവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നവരിൽ ചിലർക്ക് താക്കീത് നൽകി വിട്ടയച്ചിരുന്നു. എന്നാൽ കൊവിഡ് വ്യാപനം കാര്യമായി കുറയാത്തതിനാൽ പൊലീസ് നടപടി കർശനമാക്കുകയായിരുന്നു.
നഗരപരിധിയിൽ ഇന്നലെ 2,114 കേസുകൾ രജിസ്റ്റർ ചെയ്തു. 248 വാഹനങ്ങൾ പിടിച്ചെടുക്കുകയും 72 കടകൾ അടച്ചുപൂട്ടുകയും ചെയ്തു.
കൊവിഡ് നിയന്ത്രണങ്ങളുടെ ലംഘനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,368 പേരെ അറസ്റ്റ് ചെയ്തു. ശരിയായ വിധം മാസ്‌ക് ധരിക്കാതിരുന്ന 2,184 പേർക്കും സാമൂഹിക അകലം പാലിക്കാതിരുന്ന 1,742 പേർക്കും പിഴ ചുമത്തി.
14 ഡിവിഷനുകൾ കണ്ടെയ്ൻമെന്റ് സോൺ
നഗരസഭയിലെ 14 ഡിവിഷനുകൾ ഇപ്പോൾ പൂർണ കണ്ടെയ്ൻമെന്റ് സോണുകളാണ്.നാലിടത്ത് ഭാഗിക നിയന്ത്രണങ്ങളുണ്ട്. നഗരത്തിൽ കൊവിഡ് വ്യാപനം ഇനിയും നിയന്ത്രണവിധേയമായിട്ടില്ലെന്നാണ് ഇത് വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തിലാണ് കോർപ്പറേഷൻ പരിധി അടക്കമുള്ള പ്രദേശങ്ങളിൽ പൊലീസ് കർശന നടപടി സ്വീകരിക്കുന്നത്.
''കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് പൊലീസ് നടപടിയിൽ ഇന്നലെയുണ്ടായ വർദ്ധന നിയമലംഘകർക്കുള്ള താക്കീതാണ്. വരുംദിവസങ്ങളിലും കർശന നടപടികൾ തുടരും.''
ടി. നാരായാണൻ (കമ്മിഷണർ)