പുത്തൂർ: പുത്തൂർ പാങ്ങോട്ട് കെ.എസ്.ആർ.ടി.സി ബസും നാഷണൽ പെർമിറ്റ് ലോറിയും കൂട്ടിയിടിച്ച് പതിനൊന്ന് പേർക്ക് പരിക്ക്. കരുനാഗപ്പള്ളിയിൽ നിന്ന് കൊട്ടാരക്കരയ്ക്ക് വരികയായിരുന്ന കെ.എസ്.ആർ.ടി.സി ഓർഡിനറി ബസും ശാസ്താംകോട്ട ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. ഇന്നലെ രാവിലെ ഏഴോടെ പാങ്ങോട് ജംഗ്ഷനിലായിരുന്നു അപകടം.
ബസ് ഡ്രൈവർ കൊടുവിള സ്വദേശി സി. പ്രദീപ്കുമാർ, യാത്രക്കാരായ പാങ്ങോട് സ്വദേശി സുബി, ശാസ്താംകോട്ട വേങ്ങ സ്വദേശി ഷാഹിദ, കോട്ടാത്തല സ്വദേശി രമാകുമാരി, ശാസ്താംകോട്ട സ്വദേശികളായ നിസാറുദ്ദീൻ, ഓമന, ആറ്റിങ്ങൽ കവലച്ചൂർ സ്വദേശി വർഷ, മൈനാഗപ്പള്ളി സ്വദേശി ലീലാമ്മ, വെണ്ടാർ സ്വദേശി മണി, കുന്നത്തൂർ സ്വദേശികളായ ശങ്കരൻകുട്ടി, ശാന്ത എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി. മറ്റ് ചില യാത്രക്കാർക്കും നിസാര പരിക്കുണ്ട്. ജംഗ്ഷനിലെ ബസ് സ്റ്റോപ്പിൽ ബസ് നിറുത്തി യാത്രക്കാരെ ഇറക്കിയശേഷം മുന്നോട്ടെടുക്കവെ തൊട്ടുമുന്നിലുണ്ടായിരുന്ന പാൽവണ്ടിയെ മറികടക്കാൻ ശ്രമിച്ചവെയാണ് അപകടമുണ്ടായത്. ബസ് മുന്നോട്ടെടുത്ത ഉടൻതന്നെ പാൽവണ്ടിയും മുന്നോട്ടെടുത്തു. എതിർദിശയിൽ നിന്ന് വന്ന ലോറി പെട്ടെന്ന് വലത്തോട്ട് വെട്ടിത്തിരിച്ചപ്പോഴാണ് ബസിന്റെ ഇടതുഭാഗത്ത് ഇടിച്ചുകയറിയത്. തുടർന്ന് ബസ് പിന്നോട്ടുരുണ്ടു.