കൊല്ലം: എല്ലാ ഫയലിലും ഓരോ ജീവിതമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടും കയറിയിറങ്ങി ചെരുപ്പ് തേഞ്ഞ കരാറുകാരൻ പൊതുമരാമത്ത് വകുപ്പ് എക്സി. എൻജിനിയറുടെ (കെട്ടിടം) ഓഫീസിന് മുന്നിൽ നിൽപ്പ് സമരം നടത്തി.
ഓൾ കേരള ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ ജില്ലാ ട്രഷററായ ഡി. ഹരിയാണ് ഇന്നലെ ഒറ്രയ്ക്ക് സമരം ചെയ്തത്. ചാത്തന്നൂരിൽ മൂന്ന് പി.എച്ച്.സികളുടെ അറ്റകുറ്രപ്പണിയുടെ കരാറെടുത്തിരുന്നു. 33 ലക്ഷം രൂപയായിരുന്നു തുക. ഇതിൽ 26 ലക്ഷം രൂപ നേരത്തെ മാറികിട്ടി. ബാക്കി ഏഴ് ലക്ഷം രൂപയ്ക്കായി പൊതുമരാമത്ത് ഓഫീസിൽ മാസങ്ങളായി കയറിയിറങ്ങുകയാണ്. കഴിഞ്ഞ വർഷം സെപ്തംബറിൽ നിർമ്മാണം പൂർത്തിയായെങ്കിലും പുതുക്കിയ എസ്റ്റിമേറ്റിന് അംഗീകാരം വാങ്ങൽ ഉദ്യോഗസ്ഥർ മാസങ്ങളോളം വൈകിപ്പിച്ചു. ഇതുകൊണ്ട് തന്നെ ഫെബ്രുവരിയിലാണ് ഏഴ് ലക്ഷം രൂപയുടെ ബിൽ നൽകാനായത്. ബില്ലിന്റെ സ്ഥിതി അന്വേഷിച്ച് ആഴ്ചയിൽ നാല് ദിവസമെങ്കിലും പൊതുമരാമത്ത് ഓഫീസിൽ കയറിയിറങ്ങുകയായിരുന്നു.
ഇങ്ങനെ കുണ്ടറയിലെ ഓഫീസിൽ നിന്ന് കൊല്ലം സബ് ഡിവിഷൻ വഴി എക്സി. എൻജിനിയറുടെ ഓഫീസിൽ ഫയൽ എത്തിയിട്ട് മാസങ്ങൾ പലതായി. ഇപ്പോൾ അറ്റകുറ്റപ്പണിക്കായി പൊളിച്ചുനീക്കിയ സാധനങ്ങളുടെ പേരുപറഞ്ഞ് ഫയലിട്ട് തട്ടുകയാണ്. ഹരി വായ്പയെടുത്താണ് നിർമ്മാണം നടത്തിയത്. ഇപ്പോൾ തന്നെ വൻതുക പലിശ അടയ്ക്കേണ്ടി വന്നു. ഇനിയും വൈകിയാൽ ആത്മഹത്യയല്ലാതെ വേറെ വഴിയില്ലെന്ന് ഹരി പറയുന്നു.
''
അറ്റകുറ്റപ്പണി പൂർത്തിയായ കെട്ടിടത്തിന് കേടുപാടുകളുണ്ടായതിനാലാണ് ബിൽ പാസാക്കൽ വൈകുന്നത്. പരിഹരിച്ചതായി കരാറുകാരൻ രജിസ്റ്രേർഡ് കത്ത് വഴി അറിയിച്ചു.
ഡി. സാജൻ
കെട്ടിട വിഭാഗം എക്സി. എൻജിനിയർ
''
അടുത്തിടെ ഉണ്ടായ പ്രകൃതിക്ഷോഭത്തിലാണ് കേടുപാടുകൾ സംഭവിച്ചത്. ഇതിന് മാസങ്ങൾക്ക് മുമ്പേ ബിൽ സമർപ്പിച്ചിരുന്നു.
ഡി. ഹരി
കരാറുകാരൻ