കൊല്ലം: സ്പോട്ട് രജിസ്ട്രേഷന്റെ മറവിൽ ആരോഗ്യവകുപ്പ് ജീവനക്കാർ പിൻവാതിൽ വഴി വാക്സിൻ നൽകുന്നുവെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിൽ നഗരസഭ വാക്സിനേഷൻ കേന്ദ്രങ്ങളിൽ പിടിമുറുക്കുന്നു. എല്ലാ കേന്ദ്രങ്ങളിലും നഗരസഭയിലെ ഹെൽത്ത് ഇൻസ്പെക്ടർമാരെ നിയോഗിക്കാൻ ആരോഗ്യ സ്ഥിരം സമിതിയുടെയും സ്ഥിരം സമിതി അദ്ധ്യക്ഷരുടെയും സംയുക്ത യോഗം തീരുമാനിച്ചു.
സ്പോട്ട് വാക്സിനേഷന്റെ ടോക്കൺ വിതരണം, തിരക്ക് നിയന്ത്രണം, അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കൽ എന്നിവയ്ക്കായാണ് ഹെൽത്ത് ഇൻസ്പെക്ടർമാരെ നിയോഗിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ദേശീയ ആരോഗ്യദൗത്യം ജില്ലാ മാനേജർ അടക്കമുള്ള ഉദ്യോഗസ്ഥരെ ചേമ്പറിലേക്ക് വിളിച്ചുവരുത്തി മേയർ ചർച്ച നടത്തി. സ്പോട്ട് രജിസ്ട്രേഷനുള്ള മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണമെന്നും എല്ലാ ഡിവിഷനുകളിൽ ഉള്ളവർക്കും തുല്യപങ്കാളിത്തം ഉറപ്പാക്കണമെന്നും നിർദ്ദേശം നൽകി.
മേയർ വിളിച്ചുചേർത്ത പ്രത്യേക യോഗത്തിൽ ആരോഗ്യ സ്ഥിരം സമിതി അംഗങ്ങളും സ്ഥിരം സമിതി അദ്ധ്യക്ഷരും വാക്സിനേഷൻ കേന്ദ്രങ്ങളുടെ പ്രവർത്തനം സുതാര്യമല്ലെന്ന ആരോപണം ഉയർത്തി. ഇത്തരം പരാതികൾ ഉയർന്നാൽ തന്നെ നേരിൽവിളിച്ച് പരാതി പറയണമെന്ന് മേയർ നിർദ്ദേശിച്ചു.
ഹെൽത്ത് ഇൻസ്പെക്ടർമാർ
ചുമതലയേറ്റെടുക്കും
നിലവിൽ വാക്സിനേഷ് കേന്ദ്രങ്ങളിൽ ടോക്കൺ വിതരണത്തിന് നഗരസഭാ ജീവനക്കാരെയാണ് നിയോഗിച്ചിട്ടുള്ളത്. എന്നാൽ ടോക്കൺ അടിസ്ഥാനത്തിൽ ആളുകളെ വാക്സിനേഷനായി വിളിക്കുന്നത് ആരോഗ്യ വകുപ്പ് ജീവനക്കാരാണ്. ടോക്കൺ ക്രമം തെറ്റിക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിൽ വാക്സിനേഷനായി ക്രമനമ്പർ അടിസ്ഥാനത്തിൽ ആളുകളെ വിളിക്കുന്ന ചുമതല ഇനി മുതൽ ഹെൽത്ത് ഇൻസ്പെക്ടർമാർ ഏറ്റെടുത്തേക്കും.