പുത്തൂർ: കുളക്കട ഗ്രാമ പഞ്ചായത്തിൽ കാർഷിക സ്വയംപര്യാപ്തത ലക്ഷ്യമിട്ടുകൊണ്ടുള്ള വല്ലംനിറ പദ്ധതിക്ക് തുടക്കമായി. പൂവറ്റൂർ വേങ്ങശ്ശേരി ഭാഗത്ത് പച്ചക്കറി തൈകൾ നട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ടി.ഇന്ദുകുമാർ പദ്ധതി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കവിത ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ആർ.രശ്മി, ബ്ളോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എ.അജി, എസ്.രഞ്ജിത്ത് കുമാർ, കൃഷി ഓഫീസർ റേച്ചൽ തോമസ്, എൻ.മോഹനൻ, കോട്ടയ്ക്കൽ രാജപ്പൻ, സജി, മഞ്ജു, സുജിത് കുമാർ, ജി.സോമശേഖരൻ നായർ എന്നിവർ പങ്കെടുത്തു. ഓരോ വാർഡിലും കുറഞ്ഞത് അൻപത് സെന്റിൽ പച്ചക്കറി കൃഷി നടത്താനാണ് പദ്ധതിയുടെ ലക്ഷ്യം. നെൽക്കൃഷിയും ഉൾപ്പെടുത്തും.