കെട്ടിടം കണ്ടെത്താൻ ശ്രമം തുടങ്ങി
കൊല്ലം: പിന്നാക്ക വികസന വകുപ്പിന്റെ പുതിയ മേഖലാ ഓഫീസ് വൈകാതെ കൊല്ലത്ത് തുറക്കും. ഓഫീസ് പ്രവർത്തിപ്പിക്കാനുള്ള കെട്ടിടങ്ങൾ കണ്ടെത്താനുള്ള ശ്രമം പൊതുമരാമത്ത് വകുപ്പ് ആരംഭിച്ചു. പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥതയിൽ നഗരപരിധിയിൽ ഒഴിഞ്ഞുകിടക്കുന്ന രണ്ട് കെട്ടിടങ്ങൾ ഇതിനോടകം കണ്ടെത്തിയതായി സൂചനയുണ്ട്. ഇത് സംബന്ധിച്ച റിപ്പോർട്ട് ഒരാഴ്ചയ്ക്കുള്ളിൽ ചീഫ് എൻജിനിയർക്ക് കൈമാറും.
കഴിഞ്ഞ ഫെബ്രുവരി 19നാണ് പാലക്കാട്, കൊല്ലം എന്നിവിടങ്ങളിൽ പിന്നാക്ക വികസന വകുപ്പിന്റെ മേഖലാ ഓഫീസുകൾ അനുവദിച്ച് പ്രിൻസിപ്പൽ സെക്രട്ടറി ഉത്തരവിട്ടത്. 2011ൽ ആരംഭിച്ച വകുപ്പിന് നിലവിൽ തിരുവനന്തപുരത്ത് ഹെഡ് ഓഫീസും എറുണാകുളം, കോഴിക്കോട് എന്നിവിടങ്ങളിൽ മേഖലാ ഓഫീസും മാത്രമാണുള്ളത്. ഹെഡ് ഓഫീസിൽ ഭരണമേൽനോട്ടം മാത്രമാണുള്ളത്. വിവിധ പദ്ധതികളുടെ അപേക്ഷകൾ സ്വീകരിക്കുന്നതും ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതുമെല്ലാം മേഖലാ ഓഫീസുകളിലാണ്. അതുകൊണ്ട് തന്നെ തിരുവനന്തപുരം അടക്കമുള്ള ഏഴ് തെക്കൻ ജില്ലകളിലുള്ളവർ അപേക്ഷ നൽകാനും തുടർ കാര്യങ്ങൾക്കുമായി എറുണാകുളത്ത് പോകേണ്ട അവസ്ഥയാണ്. കൊല്ലത്ത് മേഖലാ ഓഫീസ് യാഥാർത്ഥ്യമായാൽ ഈ പ്രശ്നത്തിന് പരിഹാരമാകും.
വഴി തുറന്നത് കേരളകൗമുദി
പാലക്കാട് ജില്ലയിൽ ജില്ലാ ഭരണകൂടം ഇടപെട്ട് ആലത്തൂർ മിനി സിവിൽ സ്റ്റേഷനിൽ ഓഫീസ് സൗകര്യം ഒരുക്കിയിട്ടുണ്ട്. എന്നാൽ കൊല്ലത്തെ ജില്ലാ ഭരണകൂടം ആദ്യഘട്ടത്തിൽ കളക്ടറേറ്റിൽ സ്ഥലമില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറി. ഇതു സംബന്ധിച്ച് കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചതിനൊപ്പം ഒ.ബി.സി കോൺഗ്രസ് ജില്ലാ ചെയർമാൻ അഡ്വ. എസ്. ഷേണാജി നിവേദനവും നൽകിയതോടെയാണ് കെട്ടിടം കണ്ടെത്താൻ കളക്ടർ പൊതുമരാമത്ത് വകുപ്പ് (കെട്ടിടം) എക്സി. എൻജിനിയറെ ചുമതലപ്പെടുത്തിയത്.