കുന്നിക്കോട് : വൃക്ക രോഗിയായ ഭർത്താവിന്റെയും കാഴ്ച നഷ്ടപ്പെട്ട മകന്റെയും ചികിത്സക്കും നിത്യജീവിത ചെലവിനുമായി വഴിയരികിൽ ലോട്ടറി വ്യാപാരം നടത്തി വന്ന അനുവിന്റെ കുടുംബത്തിന് കൈത്താങ്ങായി കുന്നിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന പി. രാമചന്ദ്രൻ നായർ (മാമി സാർ) മെമ്മോറിയൽ . ബിരുദധാരിയായ അനുവിന് കുന്നിക്കോട് കാർഷിക വികസന സംഘം ബാങ്കിൽ ട്രസ്റ്റ് പ്രസിഡന്റ് ആർ.പത്മഗിരീഷ് ജോലി നൽകി.
'കേരളകൗമുദി' അനുവിന്റെ ദുരിതജീവിതത്തിനെ കുറിച്ചുള്ള വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. വാർത്ത ശ്രദ്ധയിൽപ്പെട്ട പി.രാമചന്ദ്രൻ നായർ (മാമി സാർ) മെമ്മോറിയൽ ട്രസ്റ്റ് ചെയർമാൻ കൂടിയായ ആർ.പത്മഗിരീഷ് അനുവിന്റെ വീട്ടിൽ നേരിട്ടെത്തുകയായിരുന്നു. അനുവിന്റെ മകൾക്ക് ഓൺലൈൻ പഠനത്തിന് ഒരു മൊബൈൽ ഫോണും ഭർത്താവിന്റെ ചികിത്സക്കായി പതിനായിരം രൂപയും ഭക്ഷ്യക്കിറ്റും നൽകി. പത്തനാപുരം എം.എൽ.എ കെ.ബി.ഗണേശ് കുമാർ കൊവിഡ് മാനദണ്ഡമനുസരിച്ച് ബാങ്കിൽ സംഘടിപ്പിച്ച ലളിതമായ ചടങ്ങിൽ അനുവിനെ ബാങ്കിൽ നിയമിച്ചെന്ന് ഔദ്യോഗ്യമായി പ്രഖ്യാപിച്ചു.
കൊല്ലം പുനലൂർ ദേശീയപാതയോരത്ത് കൊട്ടാരക്കരയ്ക്കും പുനലൂരിനും ഇടയ്ക്ക് ചെങ്ങമനാട് ആരോമ ആശുപത്രിക്ക് സമീപമായിരുന്നു ബിരുദധാരിയായ വീട്ടമ്മ ലോട്ടറി കച്ചവടം നടത്തിവന്നത്.