കൊല്ലം: കൊട്ടാരക്കര പട്ടണത്തിൽ ഭൂഗർഭ വൈദ്യുത ലൈൻ പദ്ധതി വരുന്നു. ഇതിനായി കെ.എസ്.ഇ.ബി രൂപരേഖ തയ്യാറാക്കി മന്ത്രി കെ.എൻ.ബാലഗോപാലിന് സമർപ്പിച്ചു. ടൗൺ പ്രദേശം മുഴുവൻ ഈ നിലയിൽ ഭൂഗർഭ ലൈൻ വലിയ്ക്കുന്നതിനാണ് ആലോചിക്കുന്നത്. കാറ്റത്തും മഴയത്തും മരങ്ങൾ ഒടിഞ്ഞുവീണും പോസ്റ്റ് മറിഞ്ഞും വാഹനങ്ങൾ തട്ടി പോസ്റ്റുകൾ ഒടിഞ്ഞുമൊക്കെ നിരന്തരം വൈദ്യുതി മുടക്കം ഉണ്ടാകാറുണ്ട്. റോഡിലേക്ക് ഇറങ്ങി നിൽക്കുന്ന വൈദ്യുത പോസ്റ്റുകൾ പലയിടത്തും ഗതാഗതത്തിനും തടസമുണ്ടാക്കുന്നുണ്ട്. ഇതിനെല്ലാം പരിഹാരം എന്ന നിലയിൽ ഭൂഗർഭ വൈദ്യുത പദ്ധതി കൊട്ടാരക്കരയും നടപ്പാക്കാനാണ് ആലോചന. മന്ത്രി കെ.എൻ.ബാലഗോപാൽ താത്പര്യം പ്രകടിപ്പിച്ചതോടെ കാലതാമസമില്ലാതെ പദ്ധതി നടപ്പാകുമെന്നാണ് പ്രതീക്ഷ. ആദ്യഘട്ടത്തിൽ കൊട്ടാരക്കര പട്ടണത്തിൽ മാത്രമാകും പദ്ധതി നടപ്പാക്കുക.
അപകടമൊഴിയും
പദ്ധതി നടപ്പാകുന്നതോടെ വൈദ്യുതി അപകടവും തടസവും വഴിമാറും. വൈദ്യുതി ലൈൻ പൊട്ടിവീണുണ്ടാകുന്ന വൻ അപകടങ്ങളിൽ നിന്ന് ഇതുവഴി രക്ഷയുണ്ടാകും. ഭൂമി ഒന്നര മീറ്റർ കുഴിച്ചാണ് വൈദ്യുത കേബിളുകൾ സ്ഥാപിക്കുക. പൊതുജനങ്ങൾക്കും മറ്റ് ഭൂഗർഭ പദ്ധതി ചെയ്യുന്നവർക്കും മനസിലാക്കാനായി കേബിൾ കടന്നുപോകുന്ന ഭാഗത്ത് കേബിൾ മാർക്ക് (റൂട്ട് മാർക്ക്) സ്ഥാപിക്കും. പതിനൊന്ന് കെ.വി ലൈൻ ഉൾപ്പടെ കടന്നുപോകും. മണ്ണിനടിയിൽക്കൂടി പോകുന്ന വൈദ്യുതി ലൈൻ ആയതുകൊണ്ടുതന്നെ ജാഗ്രതക്കുറവ് കാട്ടിയാൽ വലിയ അപകട സാദ്ധ്യതകളുമുണ്ട്. മെഷീനും കമ്പിപ്പാരപോലെയുള്ള ആയുധങ്ങളും ഉപയോഗിച്ച് മണ്ണിളക്കുമ്പോൾ പ്രത്യേക ശ്രദ്ധ പുലർത്തണം. ഇക്കാര്യത്തിൽ മറ്റ് വകുപ്പുതല ഉദ്യോഗസ്ഥരുടെ സഹകരണവും കെ.എസ്.ഇ.ബി പ്രതീക്ഷിക്കുന്നുണ്ട്. ടൗണിൽ റോഡിൽ പണി ചെയ്യുന്ന തൊഴിലാളികൾക്കും കരാറുകാർക്കും ബോധവത്കരണം നടത്തേണ്ടത് അനിവാര്യമാണ്.
പട്ടണത്തിന്റെ വികസനത്തിന് അനിവാര്യം
എം.സി റോഡും ദേശീയപാതയും സംഗമിക്കുന്ന തിരക്കേറിയ പട്ടണമാണ് കൊട്ടാരക്കര. റോഡിലെ വൈദ്യുത പോസ്റ്റുകൾ ഒട്ടേറെ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നുണ്ട്. ടൗൺ മുഴുവൻ ഭൂഗർഭ വൈദ്യുത ലൈൻ പദ്ധതി നടപ്പാക്കാനാണ് ആലോചിക്കുന്നത്. പട്ടണത്തിന്റെ വികസനത്തിന് ഇത് അനിവാര്യവുമാണ്. പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുന്ന പദ്ധതി വിജയം കണ്ടാൽ കൂടുതൽ പ്രദേശത്തേക്ക് ഇത് വ്യാപിപ്പിക്കാം.
കെ.എൻ.ബാലഗോപാൽ, മന്ത്രി