minister-k-rajan
ജില്ലയിലെ റവന്യൂ സംവിധാനങ്ങളുടെ പുരോഗതി വിലയിരുത്താൻ ചാത്തന്നൂർ മിനി സിവിൽ സ്റ്റേഷനിൽ ചേർന്ന ഉദ്യോഗസ്ഥരുടെ യോഗത്തിൽ മന്ത്രി കെ. രാജൻ സംസാരിക്കുന്നു

ചാത്തന്നൂർ: നൂറുദിന കർമ്മപദ്ധതിയിൽ ഉൾപ്പെടുത്തി സമ്പൂർണ ഡിജിറ്റലൈസേഷൻ നടപ്പിലാക്കി ചാത്തന്നൂർ മണ്ഡലത്തിലെ എല്ലാ വില്ലേജ് ഓഫീസുകളും സ്മാർട്ടാക്കുമെന്ന് റവന്യൂ മന്ത്രി കെ. രാജൻ പറഞ്ഞു. ചാത്തന്നൂർ മിനി സിവിൽ സ്റ്റേഷനിൽ റവന്യൂ ഉദ്യോഗസ്ഥരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

ജനങ്ങളാഗ്രഹിക്കുന്ന സേവനങ്ങൾ ഉയർന്ന നിലവാരത്തിൽ മാതൃകാപരമായി നടത്തികൊടുക്കുന്ന രീതിയിലേക്ക് റവന്യൂ സംവിധാനങ്ങൾ മാറണമെന്ന് ജി.എസ്. ജയലാൽ എം.എൽ.എ പറഞ്ഞു. ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതോടൊപ്പം പരാതികൾ തീർപ്പാക്കുന്നതിൽ ഉദ്യോഗസ്ഥർ ശ്രദ്ധിക്കണമെന്ന് ജില്ലാ കലക്ടർ ബി. അബ്ദുൽനാസർ പറഞ്ഞു.

കൊല്ലം തഹസീൽദാർ എസ്. ശശിധരൻപിള്ള, കൊട്ടാരക്കര തഹസീൽദാർ നിർമ്മൽ കുമാർ, വില്ലേജ് ഓഫീസർമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. ജില്ലാ കളക്ടർ, ലാൻഡ് റവന്യൂ കമ്മിഷണർ കെ. ബിജു എന്നിവരോടൊപ്പം കളക്ടറേറ്റ്, ചാത്തന്നൂർ മിനി സിവിൽ സ്റ്റേഷൻ, സ്മാർട്ട് നിലവാരത്തിലേക്ക് ഉയർത്തിയ ചിറക്കര, കോട്ടപ്പുറം വില്ലേജ് ഓഫീസുകൾ എന്നിവിടങ്ങളിൽ മന്ത്രി സന്ദർശനം നടത്തി.