ചാത്തന്നൂർ: ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ മൂലം ബുദ്ധിമുട്ടിലായ ലോട്ടറി വില്പനക്കാരന്റെ കുടുംബത്തിലേക്ക് സഹായമെത്തിച്ച് പാരിപ്പള്ളി അമൃത സ്കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾ. പാരിപ്പള്ളിയിലും പരിസര പ്രദേശങ്ങളിലും കറങ്ങി ലോട്ടറി ചില്ലറ വില്പന നടത്തിയിരുന്ന ചിദംബരൻ ആചാരിക്കാണ് വില്പനയ്ക്കായി ലോട്ടറി ടിക്കറ്റുകളും ഒരുമാസത്തേക്ക് ആവശ്യമായ അരിയും പലവ്യഞ്ജനങ്ങളും വാങ്ങിനൽകിയത്.
ഭാര്യ ഉഷയമ്മാളിനും പരേതയായ മകളുടെ രണ്ട് പെൺകുട്ടികൾക്കും ഒപ്പം പാരിപ്പള്ളി മയിലാടും പാറയിൽ വാടകയ്ക്ക് താമസിക്കുകയാണ് ചിദംബരൻ. പാരിപ്പള്ളി അമൃത സ്കൂളിലെ അഞ്ച്, ആറ് ക്ലാസുകളിലെ വിദ്യാർത്ഥികളാണ് കൊച്ചുമക്കൾ. ഇവരുടെ ദുരിതജീവിതം മനസിലാക്കിയ അയൽവാസിയും എസ്.പി.സി കേഡറ്റുമായ ലാല പി. ചന്ദ്രനാണ് വിവരം എസ്.പി.സി അധികൃതരെ അറിയിച്ചു.
പാരിപ്പള്ളി എസ്.ഐ അനീസ ലോട്ടറി ടിക്കറ്റുകൾ ചിദംബരൻ ആചാരിക്ക് കൈമാറി. ഭക്ഷ്യക്കിറ്റ് ഡി.ഐ രാജേഷും ഡബ്ലിയു.ഡി.ഐ ബിന്ദുവും ചേർന്ന് കൈമാറി. പി.ടി.എ പ്രഡിഡന്റ് ജയചന്ദ്രൻ ആദ്യ ടിക്കറ്റ് ചിദംബരനിൽ നിന്ന് വാങ്ങി. പാരിപ്പള്ളി സ്റ്റേഷനിലെ ജനമൈത്രി പൊലീസ് ഉദ്യോഗസ്ഥൻ നൗഷാദ്, സി.പി.ഒമാരായ എ. സുഭാഷ് ബാബു, എൻ.ആർ. ബിന്ദു തുടങ്ങിയവർ നേതൃത്വം നൽകി.