പുനലൂർ: ഐക്കരക്കോണം - എസ്.എൻ.ട്രസ്റ്റ് ഹയർ സെക്കൻഡറി സ്കൂൾ- ഇഞ്ചത്തടം പാതയോരത്തെ കെ.എസ്.ഇ.ബിയുടെ ട്രാൻസ്ഫോമർ കാൽനട യാത്രക്കാർക്കും വിദ്യാർത്ഥികൾക്കും അപകട ഭീഷണിയാകുന്നു. ചെറിയ പാതയിൽ നിന്ന് മൂന്ന് അടി അകലത്തിൽ സ്ഥാപിച്ചിട്ടുള്ള ട്രാൺസ്ഫോമറിന് ചുറ്റും സുരക്ഷാ വേലികൾ സ്ഥാപിക്കാത്തതാണ് ജനങ്ങൾക്കും വിദ്യാർത്ഥികൾക്കും ഇത് വഴികടന്ന് പോകുന്ന വാഹനങ്ങൾക്കും ഭീഷണിയാകുന്നത്. കുത്തിറക്കവും കയറ്റവും ഉള്ള ഇവിടെ എതിർ ദിശകളിൽ നിന്ന് എത്തുന്ന വാഹനങ്ങൾക്ക് സൈഡ് കൊടുത്താൽ സമീപത്ത് സ്ഥാപിച്ചിരിക്കുന്ന ട്രാൺസ്ഫോമറിൽ തട്ടുമോ എന്ന ആശങ്കയിലാണ് വാഹന യാത്രക്കാർ. നേരത്തെ നിയന്ത്രണം വിട്ടെത്തിയ ബൈക്ക് അപകടത്തിൽപ്പെട്ടെങ്കിലും യാത്രക്കാരൻ ട്രാൻസ്ഫോമറിൽ തട്ടാതെ ചാടി രക്ഷപ്പെട്ടിരുന്നു. സുരക്ഷാ ക്രമീകരണങ്ങൾ പാലിക്കാതെ പാതയോട് ചേർന്ന് ട്രാൺസ്ഫോമർ സ്ഥാപിച്ചതിനെതിരെ അന്ന് നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു. ഇപ്പോൾ പ്രദേശതത്ത് ജനസാന്ദ്രതയേറിയിട്ടും ട്രാൻസ്ഫോമറിന് ചുറ്റും സുക്ഷാ വേലികൾ സ്ഥാപിക്കാൻ അധികൃതർ തയ്യാറായിട്ടില്ല. അടിയന്തരമായി സുക്ഷാവേലി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് വാർഡ് കൗൺസിലർ കെ.പുഷ്പലത നിരവധി തവണ അധികൃതരെ നേരിൽ കണ്ട് പരാതി നൽകിയിട്ടും നടപടികൾ നീണ്ട് പോകുകയാണ്. ഇതിൽ പ്രതിഷേധിച്ച് നാട്ടുകാർ കെ.എസ്.ഇ.ബി ഓഫീസിലേക്ക് ബഹുജന മാർച്ച് ഉൾപ്പെടെയുള്ള സമര പരിപാടികൾ ആരംഭിക്കാൻ ഒരുങ്ങുകയാണ്.