navas
ഓട നിർമ്മാണത്തിനായി ശാസ്താംകോട്ടയിൽ റോഡ് പൊളിച്ചിട്ടിരിക്കുന്നു

ശാസ്താംകോട്ട: ബി.എസ്.എൻ.എൽ ഓഫീസിന് മുന്നിൽ ഓട നിർമ്മാണത്തിനായി റോഡ് പൊളിച്ച ഭാഗത്ത് മതിയായ സുരക്ഷാബോർഡുകൾ സ്ഥാപിക്കാത്തതിനാൽ അപകടങ്ങൾ തുടർക്കഥയാകുന്നു. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നിരവധി വാഹനങ്ങളാണ് അപകടത്തിൽപ്പെടുന്നത്. ഓട നിർമ്മാണത്തിനായി റോഡ് പൊളിച്ച ഭാഗത്തെ മണ്ണ് റോഡിൽ കൂട്ടിയിട്ടിരിക്കുന്നതാണ് അപകടകാരണം. ബി.എസ്.എൻ.എൽ ഓഫീസിലേക്കുള്ള കേബിളുകൾ കടന്നു പോകുന്നതിനാൽ ഈ മേഖലയിൽ കുറച്ചു ദിവസമായി നിർമ്മാണ പ്രവർത്തനം നിറുത്തിവച്ചിരിക്കുകയാണ്.

ഇരുചക്രവാഹന യാത്രികർ ജാഗ്രതൈ

രാത്രിയിൽ ഇരുചക്രവാഹനങ്ങളാണ് കൂടുതലായി അപകടത്തിൽപ്പെടുന്നത്. മതിയായ സുരക്ഷാ മുന്നറിയിപ്പ് ബോർഡുകളില്ലാത്തതിനാൽ വാഹനങ്ങൾ തൊട്ടടുത്തെത്തുമ്പോൾ പെട്ടെന്ന് ബ്രേക്ക് ചെയ്യുന്നതാണ് അപകടം ക്ഷണിച്ചുവരുത്തുന്നത്. കഴിഞ്ഞ ദിവസം രാത്രിയിൽ മൺകൂനയിൽ തട്ടി ബൈക്ക് കുഴിയിലേക്ക് തെറിച്ചു വീണ് കടമ്പനാട് സ്വദേശി അപകടത്തിൽപ്പെട്ടിരുന്നു.