കൊല്ലം: ലാൽ ബഹദൂർ സ്റ്റേഡിയത്തിൽ പ്രവർത്തിക്കുന്ന വാക്സിനേഷൻ കേന്ദ്രത്തിൽ സി.പി.എം കൗൺസിലറുടെ നേതൃത്വത്തിലുള്ള സംഘം അതിക്രമം കാട്ടിയതായി പരാതി. നഗരസഭാ സ്ഥിരം സമിതി അദ്ധ്യക്ഷൻ കൂടിയായ അഡ്വ. എ.കെ. സവാദിനെതിരെ വാക്സിനേഷൻ കേന്ദ്രത്തിലെ സ്റ്റാഫ് നഴ്സായ മിഥുനാണ് ഈസ്റ്റ് പൊലീസിൽ പരാതി നൽകിയത്.
പിൻവാതിൽ വഴി വാക്സിൻ കൊടുക്കുന്നുവെന്ന് ആരോപിച്ച് ഇന്നലെ രാവിലെ പത്തോടെയാണ് എ.കെ. സവാദിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിഷേധവുമായി എത്തിയത്. തന്റെ കോളറിൽ പിടിച്ച ശേഷം ചെവിയിൽ പിടിച്ചതായാണ് പരാതി. ജോലി തടസപ്പെടുത്തിയെന്നും പരാതിയുണ്ട്. ഈസ്റ്റ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ടോക്കണെടുത്ത് ക്യൂ നിൽക്കുന്നവരെ ഒഴിവാക്കി പിൻവാതിൽ വഴി വാക്സിൻ നൽകുന്നുവെന്ന് ആരോപിച്ച് സവാദ് കഴിഞ്ഞ ദിവസം രാത്രി മിഥുനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. താൻ ആരെയും ആക്രമിച്ചിട്ടില്ലെന്ന് എ.കെ. സവാദ് പറഞ്ഞു. ജനങ്ങളുടെ പരാതി പങ്കുവയ്ക്കാൻ പോയപ്പോൾ തർക്കമുണ്ടായി. സംഭവങ്ങൾക്കെല്ലാം പൊലീസ് ഉദ്യോഗസ്ഥർ സാക്ഷിയാണെന്നും സവാദ് പറഞ്ഞു.
ആരോഗ്യ പ്രവർത്തകനെ ആക്രമിച്ചവർക്കെതിരെ നടപടി ആവശ്യപ്പെട്ട് സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.ഒ.എ കമ്മിഷണർക്ക് പരാതി നൽകി. മിഥുന്റെ പരാതിയിൽ കേസെടുത്ത് അന്വേഷണം നടത്തിവരികയാണെന്ന് എ.സി.പി പറഞ്ഞു.
അക്രമം അപലപനീയം
കൊവിഡിനെ പ്രതിരോധിക്കാൻ അഹോരാത്രം പണിപ്പെടുന്ന ആരോഗ്യ പ്രവർത്തകരെ ആക്രമിക്കുന്നതും അസഭ്യം പറയുന്നതും അപലപനീയമാണ്. ഇത്തരം അക്രമ സംഭവങ്ങൾക്ക് ജനപ്രതിനിധികൾ കൂട്ടുനിൽക്കുന്നു. ആശുപത്രി അതിക്രമം, ഔദ്യോഗിക കൃത്യ നിർവഹണം തടസപ്പെടുത്തൽ, സ്ത്രീത്വത്തെ അപമാനിക്കൽ, പകർച്ച വ്യാധി പടർത്തുന്ന രീതിയിൽ സംഘം ചേരൽ, ഗൂഢാലോചന തുടങ്ങിയ കുറ്റകൃത്യങ്ങൾ സ്റ്റേഡിയത്തിലെ വാക്സിനേഷൻ കേന്ദ്രത്തിൽ നടന്നതായും കെ.ജി.എം.ഒ.എ ഭാരവാഹികൾ പറഞ്ഞു.
''
ഇന്നലെയുണ്ടായ അക്രമസംഭവത്തിൽ പ്രതിഷേധിച്ച് ലാൽ ബഹദൂർ സ്റ്റേഡിയത്തിലെ വാക്സിനേഷൻ ബഹിഷ്കരിക്കും.
കെ.ജി.എം.ഒ.എ ഭാരവാഹികൾ