pp-
മൺതിട്ടയിൽ ഉറച്ചതുമൂലം ഊന്നുകഴകളിൽ നിറുത്തിയിരിക്കുന്ന ജങ്കാർ

കൊല്ലം: പെരുമൺ - പട്ടംതുരുത്ത് ജങ്കാർ സർവീസ് കായലിലെ മൺതിട്ടകളിൽ ഉറയ്ക്കുന്നത് തുടർക്കഥയാകുന്നു. കഴിഞ്ഞദിവസം ജങ്കാറിന്റെ അടിത്തട്ട് മൺതിട്ടയിൽ ഉറച്ചതുമൂലം ഒന്നര മണിക്കൂറോളം യാത്രക്കാർ നടുക്കായലിൽ കുടുങ്ങി.

പെരുമൺ പാലം നിർമ്മാണം തുടങ്ങിയതിന് ശേഷം ജങ്കാർ സർവീസ് മൺതിട്ടയിൽ തട്ടി നിൽക്കാറുണ്ടെങ്കിലും ഊന്നുകഴകൾ ഉപയോഗിച്ച് തള്ളിനീക്കാൻ കഴിയുമായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ജീവനക്കാർ ഇത്തരത്തിൽ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. പിന്നീട് പാലം പണിയിൽ ഏർപ്പെട്ടിരുന്ന ബോട്ടെത്തിച്ച് ജങ്കാറിനെ വലിച്ചുമാറ്റുകയായിരുന്നു.

പാലം നിർമ്മാണം പുരോഗമിക്കുന്നതിനിടെ കഴിഞ്ഞ ഞായർ മുതൽ പേഴുംതുരുത്തിലെ കടവ് പട്ടംതുരുത്തിലേക്ക് മാറ്റിയിരുന്നു. കടവ് മാറ്റുന്നതിന് മുൻപ് ഇടച്ചാൽ പാലത്തിന് സമീപം ഡ്രഡ്ജ് ചെയ്ത് ആഴം കൂട്ടണമെന്ന ആവശ്യം ഉയർന്നെങ്കിലും അധികൃതർ ചെവിക്കൊണ്ടില്ല. ഈ ഭാഗത്താണ് കഴിഞ്ഞദിവസം യാത്രക്കാർ കുടുങ്ങിക്കിടന്നത്.

ഇടച്ചാൽ പാലത്തിന്റെ നിർമ്മാണ സമയത്ത് ഈ ഭാഗത്ത് രൂപപ്പെട്ട മൺത്തിട്ടകൾ പിന്നീട് നീക്കം ചെയ്തിരുന്നില്ല. പെരുമൺ പാലം നിർമ്മാണം ആരംഭിക്കുന്നതിന് മുന്നോടിയായി പെരുമൺ ഭാഗത്തെ കടവും ക്ഷേത്രത്തിന് സമീപത്തേക്ക് മാറ്റിയിരുന്നു. അന്ന് അവിടം ഡ്രഡ്ജ് ചെയ്തതിന് ശേഷമാണ് സർവീസ് ആരംഭിച്ചത്.

പാലം പണിക്ക് ഗതിവേഗം

ഒരുമാസം മുൻപ് മന്ദഗതിയിലായ പെരുമൺ - പേഴുംതുരുത്ത് പാലം നിർമ്മാണം വീണ്ടും സജീവമായി. വ്യാവസായിക ഓക്സിജൻ മെഡിക്കൽ ആവശ്യത്തിന് ഉപയോഗിക്കാൻ തുടങ്ങിയതിനെ തുടർന്നുണ്ടായ പ്രതിസന്ധിയെ തുടർന്നാണ് പാലം നിർമ്മാണം മന്ദഗതിയിലായത്. കഴിഞ്ഞദിവസം എം. മുകേഷ് എം.എൽ.എ പ്രതിസന്ധി മന്ത്രി മുഹമ്മദ് റിയാസിന്റെ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്ന് ഓക്സിജൻ ലഭ്യമാക്കാൻ നടപടി സ്വീകരിക്കുകയായിരുന്നു.

 420 മീറ്റർ നീളത്തിൽ പാലം

 42 സ്പാനുകൾ

 80 പൈലുകൾ,​ 30 എണ്ണം പൂർത്തിയായി