ഓച്ചിറ: ജുമൈലത്തിനും കുടുംബത്തിനും ഇനി വെയിലും മഴയും പേടിക്കാതെ സ്വസ്ഥമായി അടച്ചുറപ്പുള്ള വീട്ടിൽ അന്തിയുറങ്ങാം. രശ്മി ആനന്ദദവനം പദ്ധതിയുടെ ആദ്യത്തെ ഗുണഭോക്താവായി തിരഞ്ഞെടുക്കപ്പെട്ട ജുമൈലത്തിന് ചൊവ്വാഴ്ച വീട് കൈമാറും.
ക്ലാപ്പനയിലെ ആദ്യകാല തൊഴിലാളി നേതാവ് ക്ലാപ്പന ആനന്ദന്റെ സ്മരണാർത്ഥം അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളാണ് ക്ലാപ്പന പഞ്ചായത്തിലെ നിർദ്ധനർക്കായി എല്ലാ വർഷവും വീട് നിർമ്മിച്ചു നൽകുന്നത്.
നൂറുകണക്കിന് അപേക്ഷകരിൽ നിന്നാണ് ജുമൈലത്ത് തിരഞ്ഞെടുക്കപ്പെട്ടത്. മുൻ എം.എൽ.എ ആർ. രാമചന്ദ്രനാണ് വീടിന്റെ ശിലാസ്ഥാപന കർമ്മം നടത്തിയത്. ക്ലാപ്പന ആനന്ദന്റെ ജാമാതാവും രശ്മി ഹാപ്പി ഹോം ഉടമയുമായ രവീന്ദ്രൻ രശ്മിയാണ് വീടിന്റെ നിർമ്മാണ തുക സംഭാവന നൽകിയത്.
29ന് വൈകിട്ട് 4ന് നടക്കുന്ന ക്ലാപ്പന ആനന്ദൻ അനുസ്മരണ സമ്മേളനത്തിൽ എ.എം ആരിഫ് എം.പി വീടിന്റെ താക്കോൽദനം നിർവഹിക്കും. സി.ആർ മഹേഷ് എം.എൽ.എ അടുത്ത വർഷത്തെ വീടിന്റെ ഗുണഭോക്താവിന്റെ പേര് പ്രഖ്യാപിക്കും. നിർദ്ധന വിദ്യാർത്ഥികൾക്കുള്ള ടെലിവിഷൻ സെറ്റുകളുടെ വിതരണം മുൻ എം.എൽ.എ ആർ. രാമചന്ദ്രൻ നിർവഹിക്കും. പി.ആർ. വസന്തൻ ഭവനസന്ദേശവും പി.കെ. ബാലചന്ദ്രൻ ക്ലാപ്പന ആനന്ദൻ അനുസ്മരണ പ്രഭാഷണവും നടത്തും.