എഴുകോൺ: കരീപ്ര പഞ്ചായത്തിൽ കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയരുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കാൻ പ്രസിഡൻ്റ് പി. എസ് പ്രശോഭയുടെ അദ്ധ്യക്ഷതയിൽ ചേർന്ന അവലോകന യോഗം തീരുമാനിച്ചു. കടകള്‍, വ്യാപാര സ്ഥാപനങ്ങള്‍ എന്നിവ കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായും പാലിക്കുന്നുണ്ടെന്ന് അധികൃതര്‍ ഉറപ്പ് വരുത്തണം. കാറ്റഗറി സി യിൽ പാലിക്കേണ്ട കൊവിഡ് മാനദണ്ഡങ്ങൾ എല്ലാവരും കർശനമായി പാലിക്കണമെന്നും ലംഘിക്കുന്നവർക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും പ്രസിഡൻ്റ് അറിയിച്ചു. പൊലീസ്, ആരോഗ്യ പ്രവർത്തകർ, പഞ്ചായത്ത്‌ ഉദ്യോഗസ്ഥർ എന്നിവരുടെ പരിശോധന കർശനമാക്കും. യോഗത്തിൽ എഴുകോൺ പൊലീസ് സബ് ഇൻസ്പെക്ടർ വൈ. സജി, എ.എസ്.ഐ എസ്.നജീം, പഞ്ചായത്ത് സെക്രട്ടറി ബി.ബാലകൃഷ്ണപിള്ള, കരീപ്ര ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയ്യർപേഴ്സൺ എസ്. എസ്. സുവിധ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഉദയകുമാർ, ഹെൽത്ത് ഇൻസ്‌പെക്ടർ പ്രദീപ്‌ കുമാർ എന്നിവർ പങ്കെടുത്തു.