കരുനാഗപ്പള്ളി: ഇന്ത്യൻ മുസ്ളീങ്ങളുടെ സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ പരമായ പുരോഗതിക്ക് വേണ്ടി സച്ചാർ കമ്മിഷൻ സർക്കാരിന് നൽകിയ ശുപാർശകൾ സാമൂഹിക നീതിയുടെ അടിസ്ഥാനത്തിൽ അർഹരായ എല്ലാവർക്കും ലഭിക്കുന്ന തരത്തിൽ നടപ്പാക്കണമെന്ന് മെക്ക കരുനാഗപ്പള്ളി താലൂക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. സച്ചാർ സമിതി ശുപാർശകർ കേരളത്തിൽ നടപ്പാക്കാൻ നിയമിച്ച പാലോളി കമ്മിറ്റി മുസ്ലീങ്ങൾക്ക് വേണ്ടി പദ്ധതികൾ പ്രഖ്യാപിച്ചിരുന്നു. എന്നാൽ സച്ചാർ റിപ്പോര്‍ട്ടിന്റെ ലക്ഷ്യത്തിന് വിരുദ്ധമായി ക്രിസ്ത്യൻ സമുദായത്തിലെ ചില വിഭാഗങ്ങളെക്കൂടി ഉൾപ്പെടുത്തിയതാണ് വിവാദത്തിന് ഇടയാക്കിയതെന്നും കമ്മിറ്റി പറഞ്ഞു. ഓൺലൈൻ യോഗത്തിൽ പ്രസിഡന്റ് ഷിഹാബുദ്ദീന്‍ അദ്ധ്യക്ഷനായി. സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി എം.എ. ലത്തീഫ് ഉദ്ഘാടനം ചെയ്തു. ബഷീർ കോയ, മഹമൂദ്, അബ്ദുല്‍ സലീം ക്ലാപ്പന, അബ്ദുൽ റഹുമാൻ, സൈഫുദ്ദീൻ, അബ്ദുല്‍ കഹാർ, തുടങ്ങിയവർ പങ്കെടുത്തു.