പോരുവഴി : പഞ്ചായത്തിലെ ഏറെ തിരക്കുള്ള ഇടയ്ക്കാട് മാർക്കറ്റ് ജംഗ്ഷനിൽ എത്തുന്നവർക്ക് മൂത്രശങ്കയകറ്റാൻ പൊതു ശൗചാലയമില്ല. അത് ആളുകളെ കുറച്ചൊന്നുമല്ല വലയ്ക്കുന്നത്. മാർക്കറ്റ് ജംഗ്ഷനിൽ വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവരും എ.ടി.എം ,മാവേലിസ്റ്റോർ, സർക്കാർ ഓഫീസുകൾ, വ്യാപാര സ്ഥാപനങ്ങൾ, ഓട്ടോ ടാക്സി ഡ്രൈവേഴ്സ് അടക്കം നിത്യേന നൂറുകണക്കിനാളുകളാണ് ഇടയ്ക്കാട്ടിൽ എത്തിച്ചേരുന്നത്.
പാതിവഴിയിൽ ഉപേക്ഷിച്ച നിർമ്മാണം
പഞ്ചായത്ത് ഭരണസമിതി പൊതു ശൗചാലയത്തിനായി 2018ൽ ഷോപ്പിംഗ് കോംപ്ലക്സിനോട് ചേർന്നുള്ള സ്ഥലം കണ്ടെത്തി. ഷോപ്പിംഗ് കോംപ്ലക്സ് അറ്റകുറ്റ നിർമ്മാണത്തിനും പുതിയ ശൗചാലയം നിർമ്മിക്കുന്നതിനായും മൂന്ന് ലക്ഷം രൂപക്ക് പഞ്ചായത്ത് കരാർ നൽകി. നിർമ്മാണ പ്രവർത്തനങ്ങൾ കഴിഞ്ഞെങ്കിലും വൈദ്യുതി കണക്ഷനും പ്ലംമ്പിംഗ് വർക്കുകളും ചെയ്യാതെ പാതിവഴിയിൽ ഉപേക്ഷിച്ച മട്ടാണ്. പൊതു ശൗചാലയത്തിൻ്റെ നിർമ്മാണം ഉടനടി പൂർത്തീകരിച്ച് പൊതുജനങ്ങൾക്കായി തുറന്ന് നൽകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.