കൊട്ടാരക്കര: ബൈക്കിൽ ഒപ്പമെത്തിയ യുവതിയെ പൊതുസ്ഥലത്തുവച്ച് മർദ്ദിച്ച യുവാവ് അറസ്റ്റിൽ. കരുനാഗപ്പള്ളി പടനായർകുളങ്ങര ശ്രീലകത്ത് പ്രഭാതിനെയാണ് (26) കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തത്. കരുനാഗപ്പള്ളി സ്വദേശിനിക്കാണ് മർദ്ദനമേറ്റത്. ഒൻപത് വർഷമായി ഇരുവരും അടുപ്പത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. അടുത്തകാലത്ത് പിണങ്ങി. വെള്ളിയാഴ്ച ശാസ്താംകോട്ട ഭരണിക്കാവിൽ ബസിറങ്ങിയ യുവതിയെ പ്രഭാത് നിർബന്ധിച്ച് ബൈക്കിൽ കയറ്റുകയും കൊട്ടാരക്കര ചന്തമുക്കിലെത്തിയപ്പോൾ മർദ്ദിക്കുകയുമായിരുന്നു. അവിടെയുണ്ടായിരുന്നു പൊലീസ് സംഘം ഉടൻ ഇരുവരെയും സ്റ്റേഷനിലേക്ക് കൊണ്ടുപോയി. യുവതിയുടെ മാെഴി രേഖപ്പെടുത്തിയശേഷം പ്രഭാതിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.