കൊട്ടാരക്കര : ആയൂർ ഇളമാട് കുളഞ്ഞിയിൽ ജംഗ്ഷനിൽ സാമൂഹ്യ

വിരുദ്ധരുടെ ഉപദ്രവം വർദ്ധിക്കുന്നു. സന്ധ്യ മയങ്ങിയാൽ ഇത്തരക്കാരുടെ ഉപദ്രവം ഭയന്ന് ആരും പുറത്തിറങ്ങാറില്ല. ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ആകാശ് ബേക്കറിക്ക് മുന്നിലുള്ള ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പൈപ്പ് സാമൂഹ്യ വിരുദ്ധർ തകർത്തു.വ്യാജമദ്യത്തിന്റെയും മയക്കുമരുന്നിന്റെയും വിൽപ്പനയും ഉപയോഗവും കൂടുതലാണെന്ന് നാട്ടുകാർ പറയുന്നു. ജംഗ്ഷനിൽ പാർക്കു ചെയ്തിരുന്ന സ്വകാര്യ ബസിൽ നിന്ന് സ്പീക്കർ സിസ്റ്റം കഴിഞ്ഞ ദിവസം മോഷണം പോയി. മൂഴിയിലും പരിസരങ്ങളിലുമുള്ള വീടുകളിൽ നിന്നും കോഴികൾ, റബ്ബർ ഷീറ്റുകൾ, നാളീകേരം, കാർഷിക വിളകൾ എന്നിവ മോഷണം പോകുന്നതും പതിവായിട്ടുണ്ട്. ചടയമംഗലം പൊലീസ് രാത്രികാല പട്രോളിംഗ് ശക്തമാക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.