പടിഞ്ഞാറേകല്ലട :പടിഞ്ഞാറേകല്ലട പഞ്ചായത്തിലെ കാരാളിമുക്ക് വളഞ്ഞ വരമ്പ് കടപുഴ പി.ഡബ്ലിയു.ഡി റോഡിൽ വളഞ്ഞവരമ്പ് ലക്ഷംവീട് കോളനിക്ക് മുന്നിലെ ഭാഗത്ത് വാഹനാപകടം പതിവാകുന്നു. കിഫ്ബി പദ്ധതിയനുസരിച്ച് റോഡിൽ നവീകരണം നടന്നുവരുകയാണ്. മാസങ്ങൾക്ക് മുമ്പാണ് റോഡിന്റെ കുത്തനെയുള്ള 50 മീറ്ററോളം ഭാഗം മെറ്റൽ ചെയ്തത്. അതിനുശേഷം ഈ ഭാഗത്ത് ടാറിംഗ് നടത്താൻ അധികൃതർ തയ്യാറായിട്ടില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. മെറ്റൽ നിരത്തിയ ഭാഗത്തുകൂടി നിരന്തരം വാഹനങ്ങൾ ഓടുന്നതിനാൽ റോഡ് ഗതാഗതയോഗ്യമല്ലാത്ത അവസ്ഥയിലായി മാറിയിട്ടുണ്ട്. മെറ്റൽ ഇളകിയതു കാരണം റോഡിലൂടെ വേഗതയിലെത്തുന്ന ബൈക്ക് ഉൾപ്പടെയുള്ള വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും നിത്യസംഭവമാണ്.
റോഡിന്റെ കുത്തനെയുള്ള
ഭാഗത്തെ ഉയരം കുറയ്ക്കണം
ലക്ഷംവീട് കോളനിക്ക് മുന്നിലെ റോഡിന്റെ കുത്തനെയുള്ള ഭാഗത്തെ ഉയരം കുറയ്ക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മുകളിലത്തെ ഭാഗത്തുനിന്ന് താഴേയ്ക്ക് വരുന്ന വാഹനങ്ങളുടെ നിയന്ത്രണം നഷ്ടപ്പെട്ട് അപകടത്തിൽപ്പെടുന്നത് പതിവാണെന്ന് പ്രദേശവാസികൾ പറയുന്നു. ഇരുചക്രവാഹന യാത്രക്കാരാണ് അപകടത്തിൽപ്പെടുന്നതിൽ അധികവും. അമിതമായി ഭാരം കയറ്റിയ വാഹനങ്ങൾ ലക്ഷംവീട് കോളനിക്ക് മുന്നിലെ കുത്തനെയുള്ള ഭാഗത്തെത്തുമ്പോൾ മുകളിലോട്ട് കയറാൻ കഴിയാതെ നിയന്ത്രണം നഷ്ടപ്പെട്ട് പിന്നിലേക്കിറങ്ങി താഴ്‌വാരത്തെ വീടുകളിൽ ഇടിച്ചുകയറിയ സംഭവങ്ങളുമുണ്ടായിട്ടുണ്ട്.
യാത്രക്കാരുടെ ആവശ്യം
വളഞ്ഞവരമ്പ് ലക്ഷംവീട് കോളനിക്ക് മുന്നിലെ ഭാഗത്ത് വാഹനാപകടം പതിവായതോടെ കഴിഞ്ഞ ദിവസം പ്രദേശവാസികൾ സംഘടിച്ച് റോഡിലെ ഇളകിയ മെറ്റലുകൾ വശങ്ങളിലേക്ക് വലിച്ചു മാറ്റി. റോഡിൽ മെറ്റൽ നിരത്തിയ ശേഷം മാസങ്ങൾ പിന്നിട്ടിട്ടും ടാറിംഗ് നടത്താത്തതിനാലാണ് അപകടങ്ങൾ വർദ്ധിക്കുന്നത്. എത്രയും വേഗം റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാൻ ബന്ധപ്പെട്ട അധികൃതർ നടപടി കൈക്കൊള്ളണമെന്നാണ് യാത്രക്കാരുടെ ആവശ്യം.