ശാസ്താംകോട്ട: പൈപ്പ് റോഡിൽ ശാസ്താം കോട്ട മുതൽ വേങ്ങ വരെ ടാറിംഗ് ആരംഭിച്ചു.
ശാസ്താംകോട്ടയിലെ ജല ശുദ്ധീകരണ ശാലയിൽ നിന്ന് കൊല്ലം പട്ടണത്തിലേക്ക് കുടിവെള്ളം കൊണ്ടു പോകുന്നതിനായി സ്ഥാപിച്ച കൂറ്റൻ പൈപ്പുകൾക്ക് സമാന്തരമായിട്ടുള്ളതാണ് ശാസ്താംകോട്ട മുതൽ ചവറയിലെ ടൈറ്റാനിയം ജംഗ്ഷൻ വരെയുള്ള 11 കിലോമീറ്റർ ദൈർഘ്യമുള്ള പൈപ്പ് റോഡ്. നിരവധി പ്രക്ഷോഭങ്ങൾക്കൊടുവിൽ 2010 ൽ വി.എസ് സർക്കാരിൻ്റെ അവസാന കാലത്താണ് 15 മീറ്റർ വീതിയുള്ള റോഡിൽ 3 മീറ്റർ ഭാഗം ടാർ ചെയ്ത് നാടിന് സമർപ്പിച്ചത്.ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിലേക്ക് ചവറ ഭാഗത്ത് നിന്നും ഭരണിക്കാവ് മേഖലയിൽ നിന്നും എളുപ്പത്തിൽ എത്താൻ കഴിയുന്ന റോഡ് യാത്രക്കാർക്ക് വലിയ ആശ്വാസമായി.
അറ്റകുറ്റപ്പണികളില്ലാതെ
യഥാ സമയങ്ങളിൽ അറ്റകുറ്റപ്പണികൾ നടത്താതായതോടെ റോഡ് പൂർണമായും തകർന്നു. ചവറ, കുന്നത്തൂർ നിയോജക മണ്ഡലങ്ങളിലെ പന്മന, തേവലക്കര, മൈനാഗപ്പള്ളി, ശാസ്താംകോട്ട പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന റോഡ് രണ്ട് ദേശീയ പാതകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഇടനാഴിയായിട്ടു കൂടി ജല അതോറിറ്റിയുടെ ഉടമസ്ഥതയിലുള്ള റോഡ് ആയതിനാൽ പഞ്ചായത്തുകൾ നിസഹായരായി. പൈപ്പ് റോഡിൻ്റെ ശോചനീയവസ്ഥയെ കുറിച്ച് കേരളാ കൗമുദി നിരവധി തവണ റിപ്പോർട്ട് ചെയ്തിരുന്നു.
പ്രതിഷേധം ഫലം കണ്ടു.
പൈപ്പ് റോഡിനോടുള്ള അവഗണനയിൽ നാട്ടുകാരുടെ പ്രതിഷേധം ശക്തമായതോടെ
കോവൂർ കുഞ്ഞുമോൻ എം.എൽ.എയുടെ ഇടപെടലിലൂടെ പൈപ്പ് റോഡിൻ്റെ മൂന്നു കിലോമീറ്റർ ഭാഗം നവീകരിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ലോക്കൽ ഡെവലപ്‌മെന്റ് ഫണ്ടിൽ നിന്ന് 55 ലക്ഷം രൂപ അനുവദിച്ചു. ശാസ്താംകോട്ട മുതൽ വേങ്ങ മൂത്തോട്ടിൽഭാഗം വരെയാണ് പുനർ നിർമ്മാണം നടക്കുന്നത് .നിലവിൽ ഉണ്ടായിരുന്ന റോഡ് ഇളക്കി ഉറപ്പിക്കുകയും അതിന് പുറത്ത് പുതിയ മെറ്റൽ വിരിച്ചുമാണ് ടാർ ചെയ്തത്. ടാറിംഗ്പൂ ർത്തിയാകുന്നതോടെ നാട്ടുകാരുടെ യാത്രാ ദുരിതത്തിന് ആശ്വാസമാകും. ചവറ, കുന്നത്തൂർ നിയോജക മണ്ഡലത്തിലെ പൊതുവായ ആവശ്യമായിട്ടും ബഡ്ജറ്റിൽ പൈപ്പ് റോഡിൻ്റെ നവീകരണത്തിന് പരിഗണന നൽകാത്തതിൽ ശക്തമായ പ്രതിഷേധമാണുയരുന്നത്.
കുന്നത്തൂർ നിയോജക മണ്ഡലത്തിലെ പൈപ്പ് റോഡിൻ്റെ ബാക്കിയുള്ള ഭാഗം കൂടി ആധുനിക രീതിയിൽ ടാർ ചെയ്ത് സഞ്ചാരയോഗ്യമാക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കും
കോവൂർ കുഞ്ഞുമോൻ എം.എൽ.എ
പൈപ്പ് റോഡ് നവീകരണം ബന്ധപ്പെട്ട മന്ത്രിമാരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. വേഗത്തിൽ പൈപ്പ് റോഡ് സഞ്ചാരയോഗ്യമാക്കുന്നതിനുള്ള ഇടപെടൽ നടത്തും
സുജിത്ത് വിജയൻ പിള്ള .എം .എൽ .എ