balagopal-
സർവീസിലിരിക്കെ മരണമടഞ്ഞ പൊലീസ് ഉദ്യോഗസ്ഥരുടെ കുടുംബങ്ങൾക്ക് കേരളാ പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ കൊല്ലം സിറ്റി, റൂറൽ ജില്ലാ കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ നൽകുന്ന ധനസഹായം ധനമന്ത്രി കെ.എൻ. ബാലഗോപാൽ വിതരണം ചെയ്യുന്നു

കൊല്ലം: കൊവിഡിന്റെ ആദ്യഘട്ടം മുതൽ കേരളാ പൊലീസ് നിരന്തരമായി നടത്തുന്ന പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. സർവീസിലിരിക്കെ മരണമടഞ്ഞ പൊലീസ് ഉദ്യോഗസ്ഥരുടെ കുടുംബങ്ങൾക്ക് കേരളാ പൊലീസ് അസോസിയേഷൻ, കേരളാ പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ കൊല്ലം സിറ്റി, റൂറൽ ജില്ലാ കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ നൽകുന്ന ധനസഹായ വിതരണം നിർവഹിക്കുകയായിരുന്നു മന്ത്രി.

എ.എസ്.ഐ സജി ജെറോൺ (ശക്തികുളങ്ങര), എ.എസ്.ഐ ഷിബു റുഡോൾഫ് (എ.ആർ ക്യാമ്പ്), എസ്.സി.പി.ഒ സുരേഷ്‌കുമാർ (പരവൂർ) എന്നിവരുടെ കുടുംബങ്ങൾക്കാണ് പത്ത് ലക്ഷം രൂപ വീതം ധനസഹായം നൽകിയത്. കൊല്ലം പൊലീസ് ക്ലബിൽ നടന്ന ചടങ്ങിൽ ജില്ലാ പൊലീസ് മേധാവി ടി. നാരായണൻ, കെ. സുനി, കെ. ഉണ്ണിക്കൃഷ്ണപിള്ള, ബി.എസ്. സനോജ്, എസ്. ഗിരീഷ് എന്നിവർ പങ്കെടുത്തു. കെ.പി.ഒ.എ സിറ്റി ജില്ലാ സെക്രട്ടറി എം.സി. പ്രശാന്തൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി.എ ജില്ലാ സെക്രട്ടറി ജിജു സി. നായർ സ്വാഗതവും ട്രഷറർ എസ്. ഷഹീർ നന്ദിയും പറഞ്ഞു.