കൊല്ലം: നിർമ്മാണ പ്രവൃത്തികളിലെ മന്ദഗതിക്ക് വിരാമമിട്ട് 24 മണിക്കൂറും പണിനടത്തി കല്ലുപാലത്തിന് പകരമുള്ള പുതിയപാലം പൂർത്തിയാക്കാൻ കരാറുകാർ. ഒക്ടോബർ 31ന് മുൻപ് നിർമ്മാണം പൂർത്തിയാക്കുകയാണ് ലക്ഷ്യമെന്ന് കരാർ പ്രതിനിധി അറിയിച്ചു.
ജനുവരിയിലും ഇത്തരത്തിൽ അഘോരാത്രം പണി ആരംഭിച്ചെങ്കിലും വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രമാണ് മുന്നോട്ടുപോയത്. നിർമ്മാണം വേഗത്തിലാക്കണമെന്ന അധികൃതരുടെ നിർദ്ദേശത്തെ തുടർന്നായിരുന്നു അത്.
2019ൽ ആരംഭിച്ച കല്ലുപാലം നിർമ്മാണത്തിന്റെ കരാർ കാലാവധി അടുത്തിടെയും നീട്ടിനൽകിയിരുന്നു. നിർമ്മാണം എങ്ങുമെത്താത്ത സാഹചര്യത്തിൽ അഞ്ചാം തവണയാണ് കാലാവധി നീട്ടിനൽകിയത്.
ഫൗണ്ടേഷൻ കോൺക്രീറ്റ് നടത്തി
പാലത്തിന്റെ ചാമക്കട ഭാഗത്തെ തൂണിന്റെ ഫൗണ്ടേഷൻ കോൺക്രീറ്റ് കഴിഞ്ഞ ദിവസം നടന്നു. പൈലുകൾ പൂർത്തീകരിച്ച ശേഷം ഉപരിതല ഫൗണ്ടേഷൻ കോൺക്രീറ്റാണ് നടത്തിയത്. എന്നാൽ ആകെയുള്ള 16 പൈലുകളിൽ ലക്ഷ്മിനട ഭാഗത്തുള്ള ആറ് പൈലുകൾ ഇനിയും പൂർത്തിയായിട്ടില്ല.
പുതിയപാലം
വീതി: 7.5 മീറ്റർ
നീളം: 22 മീറ്റർ
ഇരുവശവും നടപ്പാത: 1.5 മീറ്റർ
തൂണുകൾ: 2
പൈലുകൾ: 16, പൂർത്തിയായത്: 10
കരാർ കാലാവധി: ഒക്ടോബർ 31 വരെ (അഞ്ചാം തവണ പുതുക്കിയത് പ്രകാരം)