photo
അഞ്ചൽ വെസ്റ്റ്. ഗവ. സ്കൂളിന് വേണ്ടിയുള്ളകളിസ്ഥലത്തിന്റെ രേഖകൾ പി.റ്റി.എ. പ്രസിഡന്റ് കെ. ബാബുപണിക്കർ ഏറ്റുവാങ്ങുന്നു.

അഞ്ചൽ: കളിസ്ഥലത്തിന് ബുദ്ധിമുട്ട് നേരിട്ടിരുന്ന അഞ്ചൽ വെസ്റ്റ് ഗവ. സ്കൂളിന് കളിസ്ഥലം സ്വന്തമാകുന്നു. മൂവായിരത്തിൽ ആധികം കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. എസ്.എസ്.എൽ.സി പരീക്ഷയിൽ ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ എ പ്ലസ് നേടുന്ന സ്കൂളുകൂടിയാണിത്.

കുട്ടികൾ സ്വരൂപിച്ച പണം

കുട്ടികൾ കുടുക്കയിൽ നിക്ഷേപിച്ചും മറ്റും സംഭരിച്ച പതിനഞ്ചരലക്ഷത്തോളം രൂപ ചെലവഴിച്ചാണ് കളിസ്ഥലം വാങ്ങുന്നതെന്ന് സ്കൂൾ പി.ടി.എ. പ്രസിഡന്റ് കെ. ബാബു പണിക്കർ പറഞ്ഞു. 21.5 സെന്റ് പുരയിടമാണ് കളിസ്ഥലത്തിനായി വാങ്ങിയത്. ഇതിനോട് ചേർന്ന് 20ഓളം സെന്റ് പുരയിടവും തുടർന്ന് വാങ്ങാൻ പദ്ധതിയുണ്ടെന്നും സ്കൂൾ പി.ടി.എ ഭാരവാഹികൾ പറഞ്ഞു. 2015 ൽ അന്നത്തെ ഗവർണർ പി. സദാശിവമാണ് ഈ സ്കൂളിന്റെ ഗോൾഡൻ ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തത്. രണ്ട് വർഷം നീണ്ടുനിന്ന ആഘോഷങ്ങളുടെ സമാപനത്തോടനുബന്ധിച്ചാണ് സ്കൂളിന് കളിസ്ഥലം സ്വന്തമാക്കണമെന്ന തീരുമാനം കൈക്കൊണ്ടതും ഇപ്പോൾ അത് യാഥാർത്ഥ്യമായതും.