photo
കുണ്ടറ പൊലീസ് സ്റ്റേഷന് മുന്നിലെ വാഹന പാർക്കിംഗ്

 ഗതാഗതക്കുരുക്കിൽ വലഞ്ഞ് ജനം

കുണ്ടറ: അനധികൃത പാർക്കിംഗ് കുണ്ടറ പൊലീസ് സ്റ്റേഷന് മുന്നിൽ സൃഷ്ടിക്കുന്ന ഗതാഗതക്കുരുക്ക് ദിനംപ്രതി രൂക്ഷമാകുന്നു. സ്റ്റേഷനിൽ വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവരാണ് യാതൊരു മര്യാദയും പാലിക്കാതെ വാഹനങ്ങൾ റോഡരികിൽ നിറുത്തി പോകുന്നത്. അതേസമയം, കൺമുന്നിൽ അരങ്ങേറുന്ന അനധികൃത പാർക്കിംഗ് മാമാങ്കത്തിന് നേർക്ക് പൊലീസ് ഉദ്യോഗസ്ഥരും കണ്ണടയ്ക്കുകയാണ്.

കസ്റ്റഡിയിലെടുക്കുന്ന വാഹനങ്ങൾ കൂട്ടിയിടുന്നതിന് പുറമെ സ്റ്റേഷനിലെത്തുന്ന പരാതിക്കാരും പ്രതികളും ജനപ്രതിനിധികളും അടക്കം വാഹനങ്ങൾ റോഡരികിലാണ് പലപ്പോഴും പാർക്ക് ചെയ്യുക. ഇളമ്പള്ളൂരിലെ ലെവൽക്രോസ് തുറക്കുമ്പോൾ ഈ റോഡിൽ വാഹനങ്ങളുടെ നീണ്ട നിരയായിരിക്കും രൂപപ്പെടുക. അനധികൃത പാർക്കിംഗ് കൂടിയാകുമ്പോൾ പൊലീസ് സ്റ്റേഷന് മുന്നിലെ ഗതാഗതക്കുരുക്ക് അഴിയാൻ മണിക്കൂറുകൾ വേണ്ടിവരും.

നിലവിൽ ബസുകളും ലോറികളും കടന്നുപോകാൻ നന്നേ ബുദ്ധിമുട്ടുകയാണ്. വളവ് കഴിഞ്ഞുള്ള ഭാഗമായതിനാൽ അപകടങ്ങളും ഏറുന്നുണ്ട്. സ്റ്റേഷൻ വളപ്പിൽ പാർക്കിംഗിന് സൗകര്യമില്ലാത്ത സാഹചര്യത്തിൽ മറ്റിടങ്ങളിലേക്ക് മാറ്റി വാഹനങ്ങൾ നിറുത്താനുള്ള നിർദ്ദേശമുണ്ടാകണമെന്ന് യാത്രക്കാർ ആവശ്യപ്പെടുന്നു. ഇതേ റോഡിൽ തിരക്കില്ലാത്ത ഭാഗങ്ങളിൽ വാഹനങ്ങൾ മാറ്റിനിറുത്താവുന്നതാണ്.

 കുണ്ടറ പൊലീസ് സ്റ്റേഷന് മുന്നിലെ അനധികൃത പാർക്കിംഗ് നിയന്ത്രിക്കാൻ പൊലീസ് ഉദ്യോഗസ്ഥർ തന്നെ വേണ്ട നടപടികൾ സ്വീകരിക്കണം

നാട്ടുകാർ