കുന്നിക്കോട് : പട്ടാഴി ഗ്രാമപഞ്ചായത്തിൽ പന്തപ്ലാവിൽ കിണറ്റിൽ വീണ വയോധികയെ രക്ഷപ്പെടുത്തി. പന്തപ്ലാവ് മുല്ലപ്പള്ളി വീട്ടിൽ സുഭദ്രാമ്മയെയാണ് (68) പത്തനാപുരം അഗ്നിരക്ഷാസേന രക്ഷപ്പെടുത്തിയത്. കിണറിന് ഏകദേശം 30 അടിയോളം താഴ്ചയുണ്ടായിരുന്നു. വിഴ്ചയിൽ കാലിന് പരിക്കേറ്റ വയോധിക കിണറ്റിലുള്ള പമ്പ് സെറ്റിൽ പിടിച്ച് കിടക്കുകയായിരുന്നു. വിവരം അറിയച്ചതിനെ തുടർന്ന് ആവണീശ്വരത്ത് നിന്ന് അസി. സ്റ്റേഷൻ ഓഫീസർ സുനിലിൻ്റെ നേതൃത്വത്തിലുള്ള സംഘം സംഭവ സ്ഥലത്തെത്തി. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ രതീഷ് കിണറ്റിലിറങ്ങി വല ഉപയോഗിച്ച് സുഭദ്രാമ്മയെ രക്ഷപ്പെടുത്തി. തുടന്ന് പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ മുഹമ്മദ് റാഫി, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ രതീഷ്, സുമോദ്, അനൂപ്, അംജത്ത് അഭിലാഷ് എന്നിവർ പങ്കെടുത്തു.