കൊല്ലം: തൃക്കടവൂർ, കുരീപ്പുഴ കൊച്ചാലുംമൂടിന് സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്ന് കഞ്ചാവ് ചെടികൾ കണ്ടെടുത്തു. ഇന്നലെ ഉച്ചയോടെ സമീപവാസി പശുവിന് പുല്ലുവെട്ടുന്നതിനിടെയാണ് വളർച്ചയെത്തിയതും അല്ലാത്തതുമായ രണ്ട് ചെടികൾ കണ്ടെത്തിയത്. സമീപവാസിയായ റിട്ട. എക്സൈസ് ഉദ്യോഗസ്ഥനാണ് ഇവ കഞ്ചാവാണെന്ന് സ്ഥിരീകരിച്ചത്.
കൊല്ലം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സി.ഐ ഐ. നൗഷാദിനെ വിവരം അറിയിച്ചതിനെ തുടർന്ന് എക്സൈസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. 232, 120 സെന്റിമീറ്ററുകൾ വീതം നീളമുള്ള ചെടികൾ ആരെങ്കിലും നട്ടുവളർത്തിയതാകാമെന്ന സംശയത്തിലാണ് എക്സൈസ്. വൈകുന്നേരങ്ങളിൽ യുവാക്കളായ പത്തോളം പേർ സ്ഥിരമായി ഇവിടെ സംഘടിക്കാറുണ്ടെന്ന് വിവരം ലഭിച്ചിട്ടുണ്ട്. വസ്തുവിന്റെ ഉടമ അപൂർവമായാണ് ഇവിടെ എത്താറുള്ളതെന്നും നാട്ടുകാർ പറഞ്ഞു.
എക്സൈസ് ഇൻസ്പെക്ടർ ടി. രാജീവ്, പ്രിവന്റീവ് ഓഫീസർ മനോജ്ലാൽ, സിവിൽ എക്സൈസ് ഓഫീസർമാരായ നിതിൻ, പ്രസാദ്, അഭിലാഷ്, വിനേഷ്, ഗോപകുമാർ എന്നിവർ എക്സൈസ് സംഘത്തിലുണ്ടായിരുന്നു.