കൊല്ലം: ചവറ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ മൊബൈൽ ആന്റിജൻ പരിശോധനാ യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു. അഞ്ചു പഞ്ചായത്തുകളിലെ വിവിധ കേന്ദ്രങ്ങളിൽ ആന്റിജൻ പരിശോധന നടത്തി കൊവിഡ് മുക്ത ചവറയെന്ന ലക്ഷ്യം യാഥാർത്ഥ്യമാക്കുകയാണ് ലക്ഷ്യം. പഞ്ചായത്ത് അടിസ്ഥാനത്തിൽ രണ്ടും മൂന്നും വാർഡുകൾ കേന്ദ്രീകരിച്ചാണ് പരിശോധനാ ക്യാമ്പുകൾ നടത്തുന്നത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ നിർദേശിക്കുന്ന മേഖലകളിൽ ബ്ലോക്ക് പഞ്ചായത്തംഗങ്ങൾ ക്യാമ്പുകൾ നിയന്ത്രിക്കും. യൂണിറ്റിന്റെ ഉദ്ഘാടനം ചിറ്റൂർ വാർഡിലെ എസ്.എൻ.ഡി.പി ശാഖാ മന്ദിരത്തിൽ ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശേരി നിർവഹിച്ചു.