gold

കൊല്ലം: ജൂലായ് ഒന്ന് മുതൽ സ്വർണാഭരണങ്ങൾക്ക് യൂണിക് ഐഡന്റിഫിക്കേഷൻ (യു.ഐ.ഡി) നടപ്പാക്കാനുള്ള തീരുമാനം നീട്ടിവയ്ക്കണമെന്ന് ഓൾ കേരളാ ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

യു.ഐ.ഡി മുദ്ര പതിച്ചുനൽകുന്നതിന് വ്യാപാരികളോ, ഹാൾ മാർക്കിംഗ് സെന്ററുകളോ ഇതുവരെ സജ്ജമായിട്ടില്ല. ഹാൾമാർക്കിംഗ് സെന്ററുകൾക്കും ഇതുസംബന്ധിച്ച് അറിയിപ്പ് ലഭിച്ചിട്ടില്ല. ആഭരണങ്ങൾ ഹാൾമാർക്ക് ചെയ്യുന്നതിന് നിലവിൽ 35 രൂപയും നികുതിയുമാണ് ഈടാക്കുന്നത്. ജൂലായ് ഒന്ന് മുതൽ യു.ഐ.ഡി നടപ്പാക്കിയാൽ എത്ര രൂപ ഫീസിനത്തിൽ ഈടാക്കുമെന്ന കാര്യത്തിൽ അറിയിപ്പ് ലഭിച്ചിട്ടില്ല.

ജില്ലയിൽ നാന്നൂറോളം സ്വർണ വ്യാപാരികളിൽ 193 ജൂവലറികൾ മാത്രമാണ് ബി.ഐ.എസ് ലൈസൻസ് എടുത്തിട്ടുള്ളത്. ബാക്കിയുള്ള ജൂവലറികൾക്ക് ലൈസൻസ് എടുക്കാനുള്ള സാവകാശമനുവദിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

സംസ്ഥാന ജനറൽ സെക്രട്ടറി സുരേന്ദ്രൻ കൊടുവള്ളി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അഡ്വ. എസ്. അബ്ദുൽ നാസർ അദ്ധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് ബി. പ്രേമാനന്ദ്, ഭാരവാഹികളായ സിവി കൃഷ്ണദാസ്, നവാസ് പുത്തൻവീട്, എസ്. പളനി, ഖലീൽ കുരുമ്പേലിൽ, എസ്. സാദിഖ്, വിജയകൃഷ്ണ വിജയൻ, ജയചന്ദ്രൻ പള്ളിയമ്പലം, കൃഷണദാസ് കാഞ്ചനം, സജീബ് ന്യൂഫാഷൻ, കബീർ മടത്തറ തുടങ്ങിയവർ സംസാരിച്ചു.