കൊല്ലം: കഥകളി പിറന്ന നാടായ കൊട്ടാരക്കര ഇനി വികസനത്തിന്റെ പുത്തൻ കാൽ വയ്പ്പിലേക്ക്. ധനമന്ത്രികൂടിയായ സ്ഥലം എം.എൽ.എ കൊട്ടാരക്കരയുടെ മുഖശ്ചായ മാറ്റുന്ന ഹൈടെക് വികസന പദ്ധതികൾ തയ്യാറാക്കുന്നു. ഗണപതി ക്ഷേത്രത്തിന്റെ പെരുമ നിലനിറുത്തി, അടുക്കും ചിട്ടയും അത്യാധുനിക സജ്ജീകരണങ്ങളുമടങ്ങുന്ന ഹൈടെക് നഗരമാക്കി മാറ്റാനാണ് ലക്ഷ്യം. പട്ടണത്തിൽ മാത്രമല്ല, മണ്ഡലത്തിലെ എല്ലാ പ്രദേശങ്ങളിലേക്കും വികസനമെത്തും. മണ്ഡലത്തിന്റെ സമഗ്ര വികസനത്തിനായി മാസ്റ്റർ പ്ളാൻ തയ്യാറാക്കുകയാണ് ആദ്യകടമ്പ. ഇതിന് ആലോചനകൾ തുടങ്ങിക്കഴിഞ്ഞു. കഴിഞ്ഞ ദിവസം കളക്ടർ ഉൾപ്പടെയുള്ള ഉദ്യോഗസ്ഥരെ കൊട്ടാരക്കരയിൽ വിളിച്ചുചേർത്ത് നിലവിലുള്ള പദ്ധതികളുടെ അവലോകനം നടത്തുകയും ഒപ്പം പുതിയ പദ്ധതികളെപ്പറ്റി ചർച്ച തുടങ്ങിവയ്ക്കുകയും ചെയ്തു. പൊതുജനാഭിപ്രായം തേടാനും ആലോചനയുണ്ട്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടുതന്നെ വികസന സെമിനാറുകളും വിളിച്ചുചേർക്കും. ഇവിടെ ഉരുത്തിരിയുന്ന പുതിയ ആശയങ്ങൾ കൂടി ഉൾപ്പെടുത്തിയാകും സമഗ്ര വികസന മാസ്റ്റർ പ്ളാൻ തയ്യാറാക്കുക. അഞ്ച് വർഷം കൊണ്ട് മണ്ഡലത്തിൽ വലിയ വികസനമെത്തിയ്ക്കുമെന്ന് തുടക്കത്തിൽത്തന്നെ മന്ത്രി ഉറപ്പ് നൽകുന്നുണ്ട്.
പ്രധാന പദ്ധതികൾ
മണ്ഡലത്തിലെ പല വിദ്യാലയങ്ങളിലും ഹൈടെക് കെട്ടിട നിർമ്മാണം പുരോഗമിക്കുകയാണ്. ഇതിൽ രണ്ടെണ്ണമൊഴികെ ബാക്കിയുള്ളവ സർക്കാരിന്റെ നൂറുദിന പദ്ധതിയിൽ ഉൾപ്പെടുത്തി ഉദ്ഘാടനം ചെയ്യും.
റോഡുകളുടെയും സർക്കാർ ഓഫീസ് കെട്ടിടങ്ങളുടെയും നിർമ്മാണം വേഗത്തിൽ പൂർത്തിയാക്കാൻ നിർദ്ദേശം നൽകി.
കൊട്ടാരക്കര ഗണപതിക്ഷേത്ര വികസന പദ്ധതി നടപ്പാക്കുന്നതിന് ഇടപെടും.
എം.സി റോഡും ദേശീയപാതയും സംഗമിക്കുന്ന പുലമൺ കവലയിൽ മേൽപ്പാലം നിർമ്മിക്കാനുള്ള പദ്ധതി ഉടനെ നടപ്പാക്കും.
മീൻപിടിപ്പാറ, മുട്ടറ മരുതിമല ടൂറിസം സർക്യൂട്ടുകൾ യാഥാർത്ഥ്യമാക്കുന്നതിനൊപ്പം പൊങ്ങൻപാറയടക്കം മറ്റ് ഉപപദ്ധതികളും കൂട്ടിച്ചേർക്കാൻ ശ്രമിക്കും.
സർക്കാർ ഭൂമികളിലെ കൈയ്യേറ്റം ഒഴിപ്പിക്കും.
പ്രധാന പാതകൾക്ക് സമീപം ടേക്ക് എ ബ്രേക്ക് സംവിധാനങ്ങളൊരുക്കും.
കൊട്ടാരക്കര നഗരവികസനത്തിന് കെ.ഐ.പി വക ഭൂമി വിട്ടുകിട്ടുന്നതിനുള്ള ശ്രമം നടത്തും.
കൊട്ടാരക്കരയിൽ ഭൂഗർഭ വൈദ്യുത ലൈൻ പദ്ധതി നടപ്പാക്കാൻ ആലോചനകൾ തുടങ്ങിക്കഴിഞ്ഞു.
എക്സൈസ് ഓഫീസ് സമുച്ചയമൊരുക്കുന്നതിനും അടിയന്തരമായി സംവിധാനമുണ്ടാക്കും
വരുന്നു, വൻ കുടിവെള്ള പദ്ധതി
നെടുവത്തൂർ ഗ്രാമപഞ്ചായത്തിന്റെയും കൊട്ടാരക്കര നഗരസഭയുടെയും കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുന്നതിന് വൻ കുടിവെള്ള പദ്ധതി വിഭാവനം ചെയ്യുന്നുണ്ട്. കല്ലടയാറ്റിന്റെ തീരത്തുനിന്നാകും വെള്ളമെടുക്കുക. മറ്റ് ജലസ്രോതസുകളുടെ പട്ടിക തയ്യാറാക്കുന്നുണ്ട്.