കൊല്ലം: പ്രകൃതിയുടെ സന്തുലിതാവസ്ഥ തിരിച്ചുപിടിക്കാൻ ഒരുലക്ഷം വീടുകൾ കേന്ദ്രീകരിച്ച് കാടൊരുക്കാൻ ഹോം ഫോറസ്റ്റ് ഫൗണ്ടേഷൻ രംഗത്ത്. വിദ്യാർത്ഥികളിലൂടെ നടപ്പാക്കുന്ന പദ്ധതി പ്രകാരം വൻമരങ്ങളും ഫലവൃക്ഷങ്ങളും ഭക്ഷ്യയോഗ്യമായ ചെടികളും വള്ളിപ്പടർപ്പുകളും നട്ടുവളർത്തി ഭവനങ്ങളെ പുനർരൂപകല്പന ചെയ്ത് സ്വാഭാവിക ആവാസ വ്യവസ്ഥ സൃഷ്ടിക്കും.
കഴിഞ്ഞ പരിസ്ഥിതി ദിനത്തിൽ ജില്ലയിലെ 12 സ്കൂളുകളിൽ നിന്നായി 7500ലധികം വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് പദ്ധതിക്ക് തുടക്കമിട്ടു. കാർബൺ ന്യൂട്രൽ സൊസൈറ്റിയുടെ 'മൈനസ് 350' എന്ന ലക്ഷ്യം കൈവരിക്കുന്നതിന് പുതുതലമുറയിൽ അവബോധം സൃഷ്ടിക്കാനും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നുണ്ട്.
പരിസ്ഥിതി വിദ്യാഭ്യാസ പ്രവർത്തകനും കലാകാരനുമായ സുരേഷ് സിദ്ധാർത്ഥയാണ് സംഘടനയ്ക്ക് രൂപം നൽകിയത്. മിയാവാക്കി കാടുകൾ സൃഷ്ടിക്കുന്നതിലൂടെ ശ്രദ്ധേയനായ ഹരികമാർ, പ്രൊഫ. രാധാകൃഷ്ണൻ, ലക്ഷ്മിതാമ്പേ, ഷിബു ജലാൽ തുടങ്ങിയരും ഒപ്പമുണ്ട്. തെക്കൻ കേരളത്തിലെ അഞ്ച് ജില്ലകളിൽ ഇതിനോടകം പ്രവർത്തനം വ്യാപിപ്പിച്ചുകഴിഞ്ഞു.