ചാത്തന്നൂർ: ധൂർത്തും അനാവശ്യ ചെലവും മൂടിയ കാലഘട്ടത്തിൽ നിന്ന് വിവാഹങ്ങൾ മാനവികതയുടെ യാഥാർത്ഥ്യത്തിലേക്ക് തിരികെ വരണമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. കല്ലുവാതുക്കൽ സമുദ്രതീരം വയോജനകേന്ദ്രത്തിൽ നടന്ന സ്ത്രീധനരഹിത മാതൃകാ വിവാഹത്തിൽ പങ്കെടുക്കുകയായിരുന്നു മന്ത്രി.
ജി.എസ്.ജയലാൽ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. സമുദ്രതീരം മാനേജിങ് ട്രസ്റ്റി എം. റുവൽസിംഗ്, കല്ലുവാതുക്കൽ പഞ്ചായത്ത് പ്രസിഡന്റ് എസ്. സുദീപ, ജില്ലാപഞ്ചായത്തംഗം എ. ആശാദേവി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സരിതാപ്രതാപ്, ബ്ലോക്ക് പഞ്ചായത്തംഗം ആശ, സംഘാടക സമിതി ചെയർമാൻ എസ്. ബിനു, കൺവീനർ എൻ. അപ്പുക്കുട്ടൻപിള്ള, കല്ലുവാതുക്കൽ അജയകുമാർ, ശരത് ചന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി.
ആദിച്ചനല്ലൂർ സേതുഭവനിൽ സി. സോമന്റെയും എസ്. സതീദേവിയുടെയും മകൻ എസ്. സേതുവും ചാത്തന്നൂർ മാമ്പള്ളിക്കുന്നം മൂലവാരത്ത് വീട്ടിൽ എൻ. ശ്രീകുമാറിന്റെയും ജി.എൽ. ശ്രീകലയുടെയും മകൾ കാവ്യ ശ്രീകുമാറും തമ്മിലുള്ള വിവാഹമാണ് സമുദ്രതീരം വയോജനകേന്ദ്രത്തിൽ നടന്നത്.